Site iconSite icon Janayugom Online

കേരളത്തിന്റെ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതി : പ്രകീര്‍ത്തിച്ച് ദേശീയ മാധ്യമങ്ങളുടെ മുഖപ്രസംഗങ്ങള്‍

കേരളത്തിന്റെ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ വിജയത്തെ പ്രകീര്‍ത്തിച്ച് ദേശീയ മാധ്യമങ്ങളില്‍ നിറയുന്നു
സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ വിജയത്തെ പ്രകീര്‍ത്തിച്ച് ദേശീയ മാധ്യമങങളുടെ എഡറ്റോറിയലുകള്‍.അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമായി മാറിയ കേരളത്തേയും സര്‍ക്കാരിനേയും അഭിനന്ദിച്ചിരിക്കുകയാണ് ദേശീയ മാധ്യമങ്ങള്‍.ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ, സിഎന്‍എന്‍, ദി ന്യൂസ് മിനിട്ട്, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമെന്ന നേട്ടത്തിലേക്കുള്ള കേരളത്തിന്റെ കാല്‍വെപ്പിനെ കുറിച്ചും അതിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും എഡിറ്റോറിയലുകളും റിപ്പോര്‍ട്ടുകളും എഴുതിയത്.

കേരളം നേടിയെടുത്ത ഈ വലിയ നേട്ടത്തെ മുഖപ്രസംഗത്തിലൂടെയാണ് ദി ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും അഭിനന്ദിച്ചത്.എ കേരള സ്റ്റോറിഎന്ന തലക്കെട്ടിലാണ് ദി ഹിന്ദു മുഖപ്രസംഗം എഴുതിയത്. സാമൂഹികവും മാനുഷികപരവുമായ വികസനത്തിലും വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലും മാതൃകാപരമായ സംസ്ഥാനമാണ് കേരളമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ നാല് വര്‍ഷത്തോളം സൂക്ഷ്മമായ ആസൂത്രണത്തിലൂടെ നടത്തിയ ശ്രമത്തിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമായതെന്നും എഡിറ്റോറിയല്‍ പറയുന്നു.2021 മെയ് മാസത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജ്ജന പരിപാടി ആരംഭിച്ചത്. 1973–74 ലെ 59.8 ശതമാനത്തില്‍ നിന്ന് 2011-12 ല്‍ ദാരിദ്ര്യം 11.3 ശതമാനമായി കുറയ്ക്കാന്‍ മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും പിന്തുണയോടെ ദരിദ്രരെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ പരിശീലനം ലഭിച്ച 4 ലക്ഷത്തോളം എന്യൂമറേറ്റര്‍മാരെ വിന്യസിച്ചു. ഭക്ഷണം, ആരോഗ്യം, ഉപജീവനമാര്‍ഗങ്ങള്‍, പാര്‍പ്പിടം എന്നിങ്ങനെ നാല് ഇന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 1,03,099 വ്യക്തികള്‍ ഉള്‍പ്പെടുന്ന 64,006 ദരിദ്ര കുടുംബങ്ങളെ കണ്ടെത്തി.

ഇത്തരത്തില്‍ ഓരോ കുടുംബത്തിനുമായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. തിരിച്ചറിയല്‍ രേഖകള്‍, പാര്‍പ്പിടം, ഉപജീവനമാര്‍ഗം, മരുന്ന്, ഭക്ഷണം, പാലിയേറ്റീവ് കെയര്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവ പോലുള്ള അവശ്യ പിന്തുണ സര്‍ക്കാര്‍ നല്‍കിയെന്നും ദി ഹിന്ദു എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.ദാരിദ്ര്യത്തിനെതിരെ പോരാടുക എന്നത് ഒരിക്കലും അവസാനിക്കാത്ത ദൗത്യമാണെന്നും എങ്കിലും കടുത്ത ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്നും എഡിറ്റോറിയല്‍ പറയുന്നു.അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ അടുത്ത ഘട്ടം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചും ഹിന്ദു മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പുതിയ കുടുംബങ്ങളൊന്നും കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇപിഇപി 2.0 (എക്‌സ്ട്രീം പോവേര്‍ട്ടി ഇറാഡിക്കേഷന്‍ പ്രൊജക്ട്) ആരംഭിച്ചു.

കേരള മോഡലിന്റെ വിമര്‍ശകര്‍ പലപ്പോഴും വളര്‍ച്ചാ നിരക്കും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടുമ്പോള്‍ അടിസ്ഥാന സൗകര്യ പദ്ധതികളും ഹൈടെക് വ്യവസായങ്ങളും ത്വരിതപ്പെടുത്തി അതിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും എഡിറ്റോറിയല്‍ പറയുന്നു.ഈ മാതൃക പൂര്‍ണമായും കുറ്റമറ്റതായിരിക്കില്ലെന്നും പക്ഷേ അത് സ്വയം വികസിക്കുകയും താഴെത്തട്ടില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നെന്നും ഒരു ബദല്‍ വികസന മാതൃകയാണ് ഇതിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്നും ദി ഹിന്ദു എഡിറ്റോറിയല്‍ പറഞ്ഞു.അതിദരിദ്രരെ കണ്ടെത്താന്‍ 2021 മുതല്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയലില്‍ പറഞ്ഞു.കേരളത്തെ സംബന്ധിച്ച് ഒരു പ്രധാന നാഴികക്കല്ലാണ് ഇതെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ഭാഗമായി 2021‑ല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 1,03,099 പേരെ കണ്ടെത്തി. ഇത് കേരള ജനസംഖ്യയുടെ ഏകദേശം 0.2 ശതമാനമായിരുന്നു.തുടര്‍ന്ന് ഉപജീവനമാര്‍ഗം, ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു, ഇവര്‍ക്കായി അവശ്യ രേഖകള്‍ ഉറപ്പാക്കി. 5,422 വീടുകള്‍ നിര്‍മ്മിക്കുകയും 5,522 എണ്ണം പുതുക്കിപ്പണിയുകയും ചെയ്തു.തെരഞ്ഞെടുത്ത കുടുംബങ്ങളെ ദാരിദ്ര്യ പരിധിക്ക് മുകളില്‍ ഉയര്‍ത്താന്‍ കേരളം പ്രത്യേക ശ്രമങ്ങള്‍ നടത്തിയെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.ഒരിക്കല്‍ അതിദരിദ്രരെ അതില്‍ നിന്ന് മോചിപ്പിച്ചതുകൊണ്ട് അവര്‍ വീണ്ടും തിരിച്ച് അതിദരിദ്രരാവില്ലെന്ന് ഉറപ്പിക്കാനാവില്ലെന്നും വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് തുടര്‍ പദ്ധതികള്‍ സുസ്ഥിരമാക്കേണ്ടതുണ്ടെന്നും എ‍ിറ്റോറിയല്‍ പറയുന്നു

Exit mobile version