Site iconSite icon Janayugom Online

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിനുനേരെ ഖലിസ്ഥാന്‍ ആക്രമണം

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം. ബ്രാപ്ടണിലെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. വടികളും മറ്റുമായി എത്തിയ സംഘം ക്ഷേത്രത്തിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഖലിസ്ഥാന്‍ പതാകയുമായാണ് അക്രമി സംഘമെത്തിയത്. ആക്രമണത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. എന്നാല്‍ കനേഡിയന്‍ പൊലീസ് ഇത് സ്ഥീരികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അക്രമത്തെ അപലപിക്കുന്നതായും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് നേര്‍ക്ക് നടന്ന ആക്രണമത്തെ ഇന്ത്യ അപലപിച്ചു. അത്യന്തം ഗുരുതരമായ സംഭവമാണ് നടന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഭീകരരും വിഘടനവാദികളുമാണ് അക്രമത്തിന് പുറകില്‍. കനേഡിയന്‍ അധികൃതരുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം എക്സില്‍ കുറിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം കലുഷിതമായ അവസരത്തിലാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബന്ധമുണ്ടെന്ന ആരോപണം കാനഡ ഉന്നയിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരുന്നു. എന്നാല്‍ ആരോപണം ഇന്ത്യ നിഷേധിച്ചു. കനേഡിയന്‍ മണ്ണില്‍ നിന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായും ഇന്ത്യ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

Exit mobile version