കോഴിക്കോട് നിന്ന് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുറക്കാട്ടേരി സ്വദേശി അബ്ദുൾ നാസറിനെയാണ് എലത്തൂർ പൊലീസ് കർണാടകത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലഹരി നൽകിയാണ് ഇയാൾ കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുളള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതാവുന്നത്. ടിസി വാങ്ങാൻ സ്കൂളിലേക്കന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. പെൺകുട്ടി അവസാനമായി വിളിച്ച ഫോൺനമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കർണാടകത്തിലെ ഛന്നപട്ടണത്താണ് കുട്ടിയെന്ന് മനസ്സിലാക്കിയത്. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ അബ്ദുൾ നാസറിനെ പിടികൂടി കോഴിക്കോട്ടെത്തിച്ചു.
പെൺകുട്ടിയെ ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. കുറച്ചുകാലമായി ഇയാൾ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും പൊലീസിന് വിവരമുണ്ട്.
സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നയാളാണ് നാസർ. പെൺകുട്ടികളെ ലഹരിക്കടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു.
പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയതോടെ, ഇയാൾ കുട്ടിയെ ഉത്തരേന്ത്യയിലെത്തിക്കാനുളള ശ്രമം ഉപേക്ഷിച്ചു. കുട്ടിയുമായി നാട്ടിലേക്ക് മടങ്ങവേയാണ് പിടിയിലാവുന്നത്.
ഇയാൾ കുട്ടിയെ കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
English summary;Kidnapping incident of 15-year-old girl; One person was arrested
You may also like this video;