Site iconSite icon Janayugom Online

‘കിഫ്ബി’ പൊൻ മുട്ടയിടുന്ന താറാവ്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ വികസന രംഗത്ത് പൊൻ മുട്ടയിടുന്ന താറാവാണ് കിഫ്ബിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് കിഫ്ബിയുടെ 1080 പദ്ധതികളിൽ 485 എണ്ണവും പൊതുമരാമത്ത് വകുപ്പിന്റേതാണ്. കിഫ്ബിയെ ഇല്ലാതാക്കാൻ ചിലർ ശ്രമിയ്ക്കുന്നു. എന്നാൽ കേരളത്തിലെ വികസന രംഗത്ത് പൊൻ മുട്ടയിടുന്ന താറാവായ കിഫ്ബിയെ സർക്കാർ സംരക്ഷിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. 

മൂവാറ്റുപുഴ നഗരത്തിലെ നാലുവരിപ്പാത നിർമ്മാണം നിശ്ചയിച്ച തീയതിയ്ക്ക് ഒരു മാസം മുമ്പ് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിൽ പി ഒ ജംഗ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്നതിന്റെ നിർമ്മാണോദ്ഘാഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിന്റെ രണ്ടാമത് വാർഷിക സമ്മാനമായി ഈ പദ്ധതി പൂർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. പശ്ചാത്തല വികസന രംഗത്ത് സത്യസന്ധമായതും അനുയോജ്യവുമായ പദ്ധതികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴയുടെ വികസനത്തിന് പൂർണ്ണ പിന്തുണയുണ്ടാകും. മൂവാറ്റുപുഴയുടെ ചരിത്ര പ്രാധാന്യവും പ്രത്യേകതയും തിരിച്ചറിഞ്ഞ് മുഖച്ഛായ മാറ്റുന്ന വിവിധ പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കും. ഇത് മൂവാറ്റുപുഴയുടെ കാർഷിക മലയോര മേഖലയുടേയും ടൂറിസം മേഖലയുടേയും വളർച്ചയ്ക്ക് വഴിയൊരുക്കും. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ — കൂത്താട്ടുകുളം റോഡ് വികസനത്തിന് സ്ഥലമേറ്റെടുത്ത് നിർമ്മാണത്തിന് 450. 33 ലക്ഷം രൂപ അനുവദിച്ചു.

മൂവാറ്റുപുഴ ടൗൺ ബൈപാസിന് കിഫ് ബി വഴി 60 കോടി അനുവദിച്ചു. എം സി റോഡ് നാലുവരി പാതയാക്കാൻ ആയിരം കോടിയുടെ ഭരണാനുമതി നൽകി. മൂവാറ്റുപുഴ — കാക്കാനാട് റോഡിന്റെ ഡിപിആർ തയ്യാറാകുന്നു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. കെആർഎഫ്ബി — പിഎംയു സൂപ്രണ്ടിംഗ് എൻജിനീയർ പി ആർ മഞ്ജുഷ സ്വാഗതം പറഞ്ഞു. കെആർഎഫ്ബി — പിഎംയു മൂവാറ്റുപുഴ — ഇടുക്കി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി.

Eng­lish Sum­ma­ry: ‘KiFB’ gold­en egg-lay­ing duck: Min­is­ter Muham­mad Riaz

You may also like this video

Exit mobile version