Site iconSite icon Janayugom Online

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം;പ്രതിഷേധത്തിൽ പങ്ക്ചേരുമെന്ന് തൃണമൂൽ എം.പി

കൊല്‍ക്കത്തയിലെ RG കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അര്‍ധ രാത്രി പ്രതിഷേധത്തില്‍ താനും പങ്ക് ചേരുമെന്ന് രാജ്യസഭ എംപിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ സുകേന്ദു ശേഖര്‍ റേ.

എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ലക്ഷക്കണക്കിന് ബംഗാളി കുടുംബങ്ങളെപ്പോലെ എനിക്കും ഒരു മകളും കൊച്ചുമകളും ഉണ്ട്.അതിനാല്‍ നാളെ നടക്കുന്ന പ്രതിഷേധത്തില്‍ ഞാനും പങ്കെടുക്കും.അവസരത്തിനൊത്ത് നാം ഉയരണം.സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണം.നമുക്ക് ഒരുമിച്ച് പോരാടാം.എന്ത് വന്നാലും മുന്നോട്ട് തന്നെയെന്നും ഇന്നലെ അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഡോക്ടറിന്റെ പീഡനത്തിനും കൊലപാതകത്തിനുമെതിരെ കൊല്‍ക്കത്തയിലെയും ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഇന്ന് അര്‍ധരാത്രി തെരുവിലിറങ്ങും.സ്വാതന്ത്യത്തിന്റെ അര്‍ധരാത്രിയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനു വേണ്ടി എന്ന് വിശദീകരിക്കുന്ന പ്രതിഷേധം ആരംഭിക്കുന്നത് ഇന്ന് രാത്രി 11.55നാണ്.

പ്രതിഷേധത്തിന്റെ ലൊക്കേഷനുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള പുതിയ ആളുകള്‍ പ്രതിഷേധത്തില്‍ പങ്ക് ചേരുമ്പോള്‍ പുതിയ ലൊക്കേഷനുകള്‍ പങ്ക് വയ്ക്കപ്പെടും.ഈ സംഭവത്തില്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനായി വലിയ തോതില്‍ പുരുഷന്മാരും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Eng­lish Summary;Killing of doc­tor in Kolkata; Tri­namool MP will par­tic­i­pate in the protest

Exit mobile version