ഇഎസ്എ വിജ്ഞാപനത്തില്‍ കേരളം നല്‍കിയ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുക, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാനത്തിന് സഹായം അനുവദിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍സഭ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളില്‍ കിസാന്‍സഭ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ മണ്ഡലം സെക്രട്ടറി കെ ചെന്താമരാക്ഷന്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ കിസാന്‍സഭ പാലക്കാട് മണ്ഡലം സെക്രട്ടറി ബാബു മണ്ണൂര്‍ സ്വാഗതം പറഞ്ഞു. കിസാന്‍സഭ ദേശീയ കമ്മിറ്റിയംഗം എഎസ് ശിവദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ ആര്‍ അംബിക, ജില്ലാ ജോയിന്റ് സെക്രട്ടറി അശോകന്‍ മലമ്പുഴ, ജയകൃഷ്ണന്‍, എസ് സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.