Site iconSite icon Janayugom Online

കെ കെ ശിവരാമന്റെ ആരോപണം ദുഷ്ടലാക്കോടെ: സിപിഐ

പാർട്ടിക്കെതിരെ മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ പൂർണമായും തള്ളിക്കളയുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗം പ്രസ്താവനയിൽ അറിയിച്ചു. ഇടുക്കി ജില്ലയിൽ മണ്ണ്-മണൽ‑ഭൂമാഫിയ പ്രവർത്തനങ്ങളോട് ചില നേതാക്കൾ ഒട്ടിച്ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ശിവരാമന്റെ ഇപ്പോഴത്തെ ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. ഇന്നലെ കൂടിയ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതുവരെ ഇത് സംബന്ധമായ ഒരു പരാതിയും പാർട്ടി ഘടകത്തിന് മുന്നിൽ അദ്ദേഹം ഉന്നയിച്ചിട്ടില്ല.
മാഫിയ പ്രവർത്തനങ്ങളെ ഇന്നും എപ്പോഴും എതിർത്തിട്ടുള്ള പാരമ്പര്യമാണ് സിപിഐക്കുള്ളത്. നാളെയും ഇത്തരക്കാരെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമായിരിക്കില്ല സിപിഐ. ദീർഘകാല അനുഭവമുള്ള കെ കെ ശിവരാമനെ പോലെയുള്ള ആളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഇത്തരം ജല്പനങ്ങൾ സംഘടന വിരുദ്ധവും പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന വ്യാപകമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ എൽഡിഎഫിന് ഉണ്ടായിട്ടുള്ള തിരിച്ചടി ഇടുക്കി ജില്ലയിലും പ്രതിഫലിച്ചിട്ടുണ്ട്. അതിന് ഇടയാക്കിയ വസ്തുതാപരമായ കാര്യങ്ങൾ എൽഡിഎഫും സിപിഐയും പരിശോധിക്കുകയും പരിഹാരം കാണുന്നതിന് ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യും. പാർട്ടിയും എൽഡിഎഫും ദുർബലപ്പെട്ടുവെന്ന കെ കെ ശിവരാമന്റെ പ്രതികരണത്തിൽ യാതൊരു കഴമ്പുമില്ലെന്നും എക്സിക്യൂട്ടീവ് അറിയിച്ചു.
വി കെ ധനപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അഷറഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വി ആർ ശശി, എം കെ പ്രിയൻ, ജോസ് ഫിലിപ്പ്, സി യു ജോയ്, ജയാ മധു, ഇ എസ് ബിജിമോൾ, ടി ഗണേശൻ എന്നിവർ സംസാരിച്ചു. 

Exit mobile version