പെട്രോളിനും ഡീസലിനും വില കുറച്ചത് രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽനിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് പെട്രോളിനും ഡീസലിനുംമേൽ ചെലുത്തിയിരുന്ന പ്രത്യേക എക്സൈസ് നികുതിയിൽ ചെറിയ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് കുറയുക.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര സർക്കാർ ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്.
യഥാർഥത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിത്. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസലിൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി എൽഡിഎഫ് സർക്കാരുകൾ വർധിപ്പിച്ചിട്ടില്ല. ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണിതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. പോക്കറ്റിൽ നിന്ന് പണമെല്ലാം എടുത്ത ശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്ന് പറയുന്നപോലെയാണിതെന്നും മന്ത്രി പ്രതികരിച്ചു.
english summary;KN BalaGopal response in fuel price hike by central Government
you may also like this video;