Site iconSite icon Janayugom Online

കൊച്ചിമേയര്‍ സ്ഥാനം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നേതാക്കന്മാര്‍ അട്ടിമറി നടത്തിയതായി അജയ് തറയില്‍

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മുന്‍ഗണനാ ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്ന ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് അജയ് തറയില്‍ .കെപിസിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്നും കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പ് സജീവമാണെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് പറഞ്ഞു.കോര്‍പ്പറേഷന്‍ തലത്തിലുള്ള കോര്‍കമ്മിറ്റി കൂടാതെ മേയറെ പ്രഖ്യാപിച്ചു. ഏത് മാനദണ്ഡമാണ് ഉപയോഗിച്ചതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ഭൂരിപക്ഷ അഭിപ്രായം ആരുടേതാണെന്ന് അറിയില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ദീപ്തിയായിരിക്കും മേയര്‍ എന്ന ഒരു പൊതു ധാരണ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോര്‍ കമ്മിറ്റി യോഗം കൂടി. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടി. എന്നെയും മുഹമ്മദ് ഷിയാസിനെയും ഡൊമനിക് പ്രസന്റേഷനെയും കൗണ്‍സിലര്‍മാരുടെ അഭിപ്രായം അറിയാന്‍ ചുമതലപ്പെടുത്തി. ഗ്രൂപ്പിന്റെ അതിപ്രസരമാണ് കൊച്ചി കോര്‍പ്പറേഷനില്‍.

കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പിന്റെ തിരമാല ആഞ്ഞടിക്കുകയാണ്. ഓരോ ആളും നിര്‍ത്തിയ സ്ഥാനാര്‍ഥിയോട് നീ ഞങ്ങളുടെ ഗ്രൂപ്പാണ് ഞങ്ങള്‍ പറയുന്നത് കേള്‍ക്കണം. ഞങ്ങളുടെ ആളാണ് എന്നെല്ലാമാണ് പറയുന്നത്. എല്ലാ ഗ്രൂപ്പ് നേതാക്കന്മാരും നേതാക്കന്മാരും ഞങ്ങളുടെ പക്ഷത്ത് നില്‍ക്കണമെന്ന് പറഞ്ഞു കൊണ്ട് ചേരിയാക്കി മാറ്റുകയാണ്. കോര്‍ കമ്മിറ്റി യോഗം കൂടാതെ ഏകപക്ഷീയമായി മേയറെയും ഡെപ്യൂട്ടി മേയറെയും പ്രഖ്യാപിച്ചു. കെപിസിസി സര്‍ക്കുലര്‍ ലംഘിക്കപ്പെട്ടു. അജയ് തറയില്‍ കുറ്റപ്പെടുത്തി.ഗ്രൂപ്പ് നേതാക്കന്മാര്‍ അട്ടിമറി നടത്തി. തലേദിവസമാണ് അട്ടിമറി നടത്തിയത്. ദീപ്തിയെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് അട്ടിമറി നടത്തിയത്. 

ദീപ്തിയെ എന്തിന് വേണ്ടിയാണ് ഒഴിവാക്കിയത് എന്നു വ്യക്തമല്ല. ഭൂരിപക്ഷ തീരുമാനമാണ് ഉണ്ടായത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ തീരുമാനവും തെറ്റാണ്. ഭൂരിപക്ഷമല്ല ഈ തീരുമാനത്തിന് പിന്നിലുള്ളത്. ഗ്രൂപ്പ് രാഷ്ട്രീയമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അവസാന കാലഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ ഐക്യം ഉണ്ടായിരുന്ന, ഞങ്ങള്‍ കഷ്ടപ്പെട്ട് രക്തം ചീന്തി വളര്‍ത്തിയെടുത്ത എറണാകുളം ജില്ലയില്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റുമില്ലാതെ കുറെ ആളുകള്‍ വന്ന് അവസാനം ഗ്രൂപ്പ് ഡവലപ്പ് ചെയ്യുന്ന ഇടപാടിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.’-അജയ് തറയില്‍ ആഞ്ഞടിച്ചു. വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പദവി പങ്കിടുക.

Exit mobile version