Site iconSite icon Janayugom Online

കൊച്ചി മെട്രോ കടക്കയത്തില്‍; പ്രതിദിനനഷ്ടം ഒരു കോടി

യുഡിഎഫിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി മെട്രോ ഭീമമായ നഷ്ടത്തിലോടുന്നു. 2017 ജൂണ്‍ 17ന് കന്നിയാത്ര തുടങ്ങിയ കൊച്ചി മെട്രോ കഴിഞ്ഞ വര്‍ഷം വരെ വാരിക്കൂട്ടിയത് 520 കോടിയുടെ നഷ്ടം. മെട്രോ ഗതാഗത സംവിധാനത്തിന്റെ അവസാന വാക്കെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു കൊച്ചി മെട്രോയുടെ ശില്പി. പൊട്ടക്കണക്കുകള്‍ കുത്തിനിറച്ച ശ്രീധരന്റെ പ്രോജക്ട് റിപ്പോര്‍ട്ടാണ് സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയെ ഈവിധത്തില്‍ പടുകുഴിയിലാക്കിയത്. പ്രതിദിനം നഷ്ടം ഒരു കോടി. ദിനംപ്രതി 4.5 ലക്ഷം യാത്രക്കാരുണ്ടാവുമെന്നായിരുന്നു പ്രോജക്ട് റിപ്പോര്‍ട്ടിലെ പ്രവചനം. പക്ഷെ പ്രതിദിന യാത്രക്കാരുടെ മൊത്തം സംഖ്യ ഇതുവരെ 35,000 കടന്നിട്ടില്ല. യാത്രക്കാരില്‍ നിന്നും പരമാവധി പ്രതിദിനം ലഭിക്കുന്നത് 14.8 ലക്ഷം മാത്രമെന്ന് മെട്രോ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഈ പദ്ധതിക്കായി എടുത്ത വിദേശ വായ്പയുള്‍പ്പെടെ 4,865 കോടി രൂപയുടെ പലിശ ഈ വര്‍ഷം മധ്യത്തോടെ അടച്ചുതുടങ്ങണം. 

ഫ്രഞ്ചു ധനകാര്യ കമ്പനിയായ എഎഫ്ഡിയില്‍ നിന്ന് എടുത്ത വായ്പയ്ക്കു മാത്രം പ്രതിദിനം 25 ലക്ഷം രൂപയെന്ന തോതിലാണ് പലിശ തിരിച്ചടവ്. ബാക്കി വായ്പ തുക കാനറ ബാങ്കില്‍ നിന്നും എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്കാണെടുത്തത്. ഇതുകൂടിയാകുമ്പോള്‍ പ്രതിദിന പലിശ ഒരു കോടി കവിയും. ദിനംപ്രതി ഒരു കോടി നഷ്ടം കൊയ്യുന്ന കൊച്ചി മെട്രോയ്ക്ക് പലിശ തിരിച്ചടയ്ക്കണമെങ്കില്‍ കൂടുതല്‍ വായ്പയെടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് ധനകാര്യ മന്ത്രിയായിരിക്കെ ഡോ. ടി എം തോമസ് ഐസക് മുന്നറിയിപ്പ് നല്കിയിരുന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം കണക്കാക്കിയത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാതെയായിരുന്നുവെന്ന് കേന്ദ്ര നഗരകാര്യ വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചി നഗരത്തിലെ ആകെ ജനസംഖ്യ ആറ് ലക്ഷം മാത്രമാണ്. നഗരപ്രാന്തങ്ങളിലെ ജനസാന്ദ്രത തീരെ കുറവും. ഇതുപോലും കണക്കിലെടുക്കാതെയാണ് കൊച്ചി മെട്രോയില്‍ പ്രതിദിനം 4.5 ലക്ഷം യാത്രക്കാരുണ്ടാവുമെന്ന് ഇ ശ്രീധരന്‍ കണക്കുകൂട്ടിയത്. കൊച്ചി മെട്രോയ്ക്ക് എന്നെന്നേയ്ക്കും ഭീമമായ നഷ്ടത്തിലോടാനാണ് നിയോഗമെന്ന് ഗതാഗത വിദഗ്ധനായ എബനസീര്‍ ചുള്ളിക്കാട് പറയുന്നു.

ജനസംഖ്യ കണക്കിലെടുക്കാതെ ഭേദഗതി ചെയ്ത കേന്ദ്ര മെട്രോ റയില്‍ നയമനുസരിച്ച് കൊച്ചി മെട്രോ മഹാരാജാസ് കോളജ് മുതല്‍ തെെക്കൂടം വരെ വീണ്ടും വികസിപ്പിച്ചാല്‍ അവിടെയും പ്രതിദിന നഷ്ടം ഒരു കോടി കവിയുമെന്നാണ് ആശങ്ക. ഭീമമായ സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്രം അനുമതിയോ സാമ്പത്തിക സഹായമോ നല്കില്ലെന്ന് കേന്ദ്ര നഗരവികസന കാര്യമന്ത്രി ഹര്‍ദീപ്‌സിങ്പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ക്ക് കൊച്ചി മെട്രോയുടെ ദുര്‍ഗതിയുടെ പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചേക്കാമെന്ന സൂചനയാണ് അദ്ദേഹം നല്കിയത്. ഇതിനിടെ കൊച്ചി മെട്രോ യാത്ര സുരക്ഷിതമല്ലെന്ന ആശങ്കയും വളരുന്നു. കൊച്ചി പത്തടിപ്പാലത്തെ മെട്രോ തൂണിന്റെ കാലുറച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തൂണ്‍ ബലപ്പെടുത്താനുള്ള പണികള്‍ ഇന്നലെ തുടങ്ങി. മെട്രോ ലെെനിലെ നാനൂറില്‍പരം തൂണുകളുടെ ബലപരിശോധനയും നടത്തും. 

Eng­lish Summary:Kochi Metro in debt
You may also like this video

Exit mobile version