Site iconSite icon Janayugom Online

കൊടകരകുഴല്‍പ്പണക്കേസ് : അന്വേഷണം ബിജെപി നേതാക്കളിലേക്ക്

കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക്‌. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീഷ്‌ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പടെ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും. 

സതീഷിന്റെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തും. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നേതാക്കൾ കോടികളുടെ കള്ളപ്പണ ഇടപാട്‌ നടത്തിയതായി സതീഷ്‌ ശനിയാഴ്‌ച പൊലീസിന്‌ മൊഴി നൽകിയിരുന്നു. ആറു ചാക്കിലായാണ്‌ ഒമ്പതുകോടി രൂപ എത്തിച്ചത്‌. തൃശൂർ ജില്ലാ ട്രഷറർ സുജയ്‌ സേനനും ധർമരാജനും ചേർന്നാണ്‌ പണച്ചാക്ക്‌ ഓഫീസിന്റെ മുകളിലേക്ക്‌ കയറ്റിയത്‌. കള്ളപ്പണ സംഘത്തിലെ ധർമരാജനെ കെ സുരേന്ദ്രനും ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറും തനിക്ക്‌ പരിചയപ്പെടുത്തിയിരുന്നു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയുടെ പങ്കിനെക്കുറിച്ചും സതീഷ്‌ മൊഴി നൽകി. സതീഷിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ പ്രത്യേകം യോഗം ചേർന്ന്‌ പരിശോധിച്ചു. മൊഴി മാറ്റി പറയാതിരിക്കാൻ വകുപ്പ്‌ 164 പ്രകാരം കോടതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. ഇതിനുള്ള അപേക്ഷ തിങ്കളാഴ്‌ച സിജെഎം കോടതിയിൽ നൽകും. രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം ചോദ്യം ചെയ്യേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കും. ഡിഐജി തോംസൺ ജോസ്‌, കൊച്ചി സിറ്റി പൊലീസ്‌ ഡെപ്യൂട്ടി കമീഷണർ കെ എസ് സുദർശൻ എന്നിവരുടെ മേൽനോട്ടത്തിലാണ്‌ അന്വേഷണം. ഡിവൈഎസ്‌പി വി കെ രാജുവാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ.

നിയസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെ 41.4 കോടിരൂപ കള്ളപ്പണം വിതരണം ചെയ്തെന്ന്‌ കുഴൽപ്പണക്കടത്തുകാരൻ ധർമരാജന്റെ മൊഴിയുണ്ട്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടി ഇറക്കിയതായും കവർച്ചാ കേസ്‌ അന്വേഷിച്ച സംഘം കണ്ടെത്തിയിരുന്നു. ഈ കേസിൽ കുറ്റപ്പത്രവും സമർപ്പിച്ചിരുന്നു. കള്ളപ്പണമിടപാട്‌ അന്വേഷിക്കാൻ ചുമതലയുള്ള കേന്ദ്ര ഏജൻസികളായ ഇഡിക്കും ആദായനികുതി വിഭാഗത്തിനും തെരഞ്ഞെടുപ്പ്‌ കമീഷനും പ്രത്യേകം അയച്ചിരുന്നു. എന്നാൽ ബിജെപിക്കാർ പ്രതിസ്ഥാനത്തായതിനാൽ തുടർനടപടിയുണ്ടായില്ല.

Exit mobile version