സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി ഐപിഎല്‍ 17-ാം സീസണില്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീടമാണിത്. തുടക്കത്തില്‍ സുനില്‍ നരെയ്‌നെ (ആറ്) കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും റഹ്മനുള്ള ഗുര്‍ബാസും വെങ്കടേഷ് അയ്യരും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ സ്കോര്‍ എട്ട് ഓവറില്‍ 100 കടന്നു. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗുര്‍ബാസ് 31 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങി. 26 പന്തില്‍ 52 റണ്‍സുമായി വെങ്കടേഷ് അയ്യരും മൂന്ന് പന്തില്‍ ആറ് റണ്‍സുമായി ശ്രേയസ് അയ്യരും പുറത്താകാതെ നിന്നു.
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍ന്നടിയുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (19 പന്തില്‍ 24) ആണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 23 പന്തുകൾ നേരിട്ട എയ്ഡൻ മർക്റാം 20 റൺസെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണ് ചെന്നൈയിൽ ഹൈദരാബാദ് നേടിയത്. കൊൽക്കത്തയ്ക്കായി ആന്ദ്രെ റസൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
മിച്ചല്‍ സ്റ്റാര്‍ക്ക് ഓപ്പണിങ് ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മ്മയെന്ന വലിയ അപകടത്തെ നീക്കം ചെയ്തു. ഓവറിലെ അഞ്ചാം പന്തില്‍ ബൗള്‍ഡായാണ് മടങ്ങിയത് (അഞ്ച് പന്തില്‍ രണ്ട്). രണ്ടാം ഓവറെറിഞ്ഞ വൈഭവ് അറോറ, അവസാന പന്തില്‍ ട്രാവിസ് ഹെഡിനെയും മടക്കി (0). ഈ സീസണിലെ പേടിസ്വപ്നമായ ഓപ്പണിങ് സഖ്യത്തെ പുറത്താക്കിയതോടെ തന്നെ കൊല്‍ക്കത്തയ്ക്ക് പകുതി ആശ്വാസമായി. സ്റ്റാർക്കിനെ നേരിടുന്നതിനിടെ രാഹുൽ ത്രിപാഠിയുടെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത് രമൺദീപ് സിങ് പിടിച്ചാണ് ഹൈദരാബാദിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്. സ്റ്റാർക്കും അറോറയും ചേർന്ന് പവർപ്ലേ ഓവറുകൾ എറിഞ്ഞു തീർത്തപ്പോൾ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 13 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡി ഹർഷിത് റാണയുടെ പന്തില്‍ പുറത്തായി. തൊട്ടുപിന്നാലെ റസലിനെ സിക്സടിക്കാൻ ശ്രമിച്ച എയ്ഡൻ മാര്‍ക്രത്തിന് പിഴച്ചു. മിച്ചൽ സ്റ്റാർക്ക് ക്യാച്ചെടുത്താണ് മാര്‍ക്രം പുറത്തായത്.
ഷഹബാസ് അഹ്‌മദ് (ഏഴ് പന്തില്‍ എട്ട്), അബ്ദുല്‍ സമദ് (4), ഹെന്റിച്ച് ക്ലാസന്‍ (17 പന്തില്‍ 16) എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്റെ കഥ ഏതാണ്ട് കഴിഞ്ഞു. നരെയ്ന്‍ എറിഞ്ഞ 18-ാം ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ജയദേവ് ഉനദ്കട്ടും റസലിന്റെ തൊട്ടടുത്ത ഓവറില്‍ കമ്മിന്‍സും മടങ്ങിയതോടെ ഹൈദരാബാദ് സ്കോര്‍ 113ല്‍ അവസാനിക്കുകയായിരുന്നു. 19–ാം ഓവറിൽ ക്യാപ്റ്റൻ കമ്മിൻസിനെ റസല്‍ൽ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം 113 റണ്‍സിൽ അവസാനിച്ചു.
റസലിനെ കൂടാതെ മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവർ രണ്ടും വൈഭവ് അറോറ, സുനിൽ നരെയ്ൻ, വരുണ്‍ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
English Summary:Kolamas Kolkata; An eight-wicket win in the final
You may also like this video