മതനിരപേക്ഷതയിലധിഷ്ഠിതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടനയെ വെല്ലുവിളിച്ച് അന്ധവിശ്വാസവും അനാചാരങ്ങളും തിരികെയെത്തിക്കാൻ നടക്കുന്ന ശ്രമം ഒറ്റക്കെട്ടായി ചെറുക്കണമെന്നും അത്തരം കാര്യങ്ങളിൽ ഉറച്ച നിലപാടും പുരോഗമന സമീപനവും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ആദ്യസമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലത്തെ പ്രഖ്യാപിച്ചു കൊണ്ട് സി കേശവൻ സ്മാരക ടൗൺ ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും മതം മറ്റൊന്നിന് മുകളിലോ താഴെയോ അല്ല. മതവിശ്വാസത്തിന് സ്വാതന്ത്ര്യമുള്ളപ്പോൾ തന്നെ ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉറപ്പുനൽകുന്നുവെന്നതാണ് നമ്മുടെ ഭരണഘടനയുടെ സവിശേഷത.
കേരളത്തിലുള്ളവരെ വൈജ്ഞാനിക പരിവർത്തിത സമൂഹമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നവോത്ഥാന മൂല്യങ്ങളിലൂന്നിയുള്ള കൊല്ലത്തിന്റെ ചരിത്രം പൊതു ചരിത്രത്തിന്റെ കണ്ണാടിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ഫലകം മുഖ്യമന്ത്രിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഏറ്റുവാങ്ങി. സെനറ്റർമാരുടെ ഉപഹാരമായി കൈകൊണ്ട് തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം മുഖ്യമന്ത്രിക്ക് നൽകി.
മേയർ പ്രസന്ന ഏണസ്റ്റ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻപിള്ള, പി എസ് സുപാൽ, സി ആർ മഹേഷ്, ജില്ലാ കളക്ടർ അഫ്സാന പർവീൺ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാ ആസൂത്രണസമിതിയിലെ സർക്കാർ പ്രതിനിധി എം വിശ്വനാഥൻ, കില ഡയറക്ടർ ജോയ് ഇലമൺ, രാഷ്ട്രീയ‑സാമൂഹിക നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
English Summary: kollam became constitution literate district in state
You may also like this video