കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ മൊഴി പുറത്ത്. തട്ടിക്കൊണ്ട് പോയ അന്ന് തന്നെ ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് പാര്‍പ്പിച്ചതെന്നും കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചതായും കുട്ടി മൊഴി നല്‍കി. കാറില്‍ പോകുന്ന വഴിക്ക് കുട്ടിയുടെ തല പ്രതികള്‍ ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. തട്ടിക്കൊണ്ട് പോയതിന്റെ പിറ്റേന്ന് കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. സംഘത്തില്‍ ആദ്യമുണ്ടായിരുന്നവരേക്കാള്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് കുട്ടിയുടെ മൊഴിയില്‍ നിന്നും ലഭിക്കുന്ന സൂചന. പപ്പ വരുമെന്നാണ് തന്നെ പാര്‍ക്കില്‍ കൊണ്ടുവിട്ടപ്പോള്‍ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റില്‍ പ്രത്യേക പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് വൈകുന്നേരം പൊലീസെത്തി പരിശോധിച്ചത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേരത്തയും അന്വേഷണസംഘം കുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്തിരുന്നു. ഇന്ന് കൊല്ലം റൂറൽ എസ് പി ഓഫീസിൽ ഹാജരാക്കാൻ അച്ഛൻ റെജിക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ രജി താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഒ ഇ ടി പരീക്ഷയുമായി ബന്ധപ്പെട്ട സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ടെന്ന് സൂചന. ഓയൂരിൽ നിന്ന് പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ ഒരു പ്രതി നഴ്സിങ് കെയര്‍ ടേക്കറെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ നഴ്സിങ് റിക്രൂട്ടിങ് തട്ടിപ്പിനിരയായെന്ന സംശയത്തില്‍ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
English Summary: kollam child abduction case
You may also like this video