Site iconSite icon Janayugom Online

സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റു; കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ

സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ.
കൊല്ലം ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. നരേന്ദ്ര മോഡിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. മധ്യപ്രദേശിൽ സിന്ധ്യയെങ്കിൽ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണയെന്നും പോസ്റ്റർ പറയുന്നു. 

95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളവാർഡിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും, കേരളത്തിലെ ഏറ്റവും വലിയ ജമാഅത്ത് ആയ കൊല്ലൂർവിളയിൽ, കൊല്ലൂർവിളക്കാരനല്ലാത്ത മാഷ്‌കൂറിന് എന്ത് കാര്യമെന്നും പോസ്റ്ററിൽ ചോദ്യമുണ്ട്. കൊല്ലത്ത് മത്സരിക്കാൻ സമുദായ നേതാക്കളുടെ പ്രീതിക്ക് വേണ്ടിയാണോ സീറ്റ് വിറ്റതെന്നും, ക്യാഷ് വാങ്ങിയാണോ കോൺഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. 

“ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണറിന് നൽകാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്” എന്നും പോസ്റ്ററിൽ പറയുന്നു. ജനറൽ സീറ്റിൽ ദീപ്തി മേരി വർഗീസിന് മത്സരിക്കാനാകുമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ പറയുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു.

Exit mobile version