Site iconSite icon Janayugom Online

കോതമംഗലത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ

കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയായ സോന ഏൽദോസ്(23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന ആരോപണത്തെ തുടർന്നാണ് ഈ നടപടി. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് റമീസിനെതിരെയുള്ള ആരോപണങ്ങൾ ഉള്ളത്. റമീസ് തന്നെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും, മതം മാറാൻ നിർബന്ധിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിൽ പറയുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്.

റമീസുമായി വിവാഹം കഴിക്കാൻ സോന തയ്യാറെടുത്തിരുന്നു. എന്നാൽ റമീസിന്റെ വീട്ടിൽ കൊണ്ടുപോയപ്പോൾ, മതം മാറിയാൽ മാത്രമേ വിവാഹം നടക്കൂ എന്ന് റമീസിന്റെ മാതാപിതാക്കളും ബന്ധുക്കളും നിർബന്ധിച്ചു. ഇതിന് റമീസിന്റെ പിന്തുണയും ഉണ്ടായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഈ ആവശ്യം ഉന്നയിച്ചതായി സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഈ മാനസിക പീഡനമാണ് സോനയുടെ ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version