Site iconSite icon Janayugom Online

കോട്ടയം മെഡിക്കല്‍ കോളേജില്‍ സാംക്രമികരോഗ വിഭാഗം ഇന്‍സ്റ്റിറ്റ്യൂട്ട്, 10.72 കോടി രൂപയുടെ ഭരണാനുമതി

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സാംക്രമിക രോഗ വിഭാഗം ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും. ഇതിനായി നബാര്‍ഡ് മുഖേന 10.72 കോടി രൂപയുടെ ഭരണാനുമതി നല്‍കയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ, കൊറോണ വൈറസ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നേരിടുന്നതിന് ഓരോ മെഡിക്കല്‍ കോളേജിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നതാണെന്ന് സംസ്ഥാന സർക്കാരിന്റെ ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കൂടി സാംക്രമിക രോഗ വിഭാഗം ബ്ലോക്കുകള്‍ ആരംഭിക്കുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 4 നിലകളുള്ള കെട്ടിടമാണ് സാംക്രമിക രോഗ വിഭാഗം ഇന്‍സ്റ്റിറ്റിയൂട്ടിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ആദ്യ രണ്ട് നിലകള്‍ പൂര്‍ത്തിയാക്കും. പ്രത്യേകമായ ഐസിയു സംവിധാനങ്ങളടക്കം ഈ കെട്ടിടത്തിലുണ്ടാകും. ഇന്ത്യയില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിഎം സാംക്രമിക രോഗ വിഭാഗം കോഴ്‌സിന് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. സാംക്രമിക രോഗ വിഭാഗം ഇന്‍സ്റ്റിറ്റിയൂട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ പകര്‍ച്ചവ്യാധി നിര്‍ണയത്തിനും രോഗീപരിചരണത്തിനും ഗവേഷണത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Exit mobile version