Site iconSite icon Janayugom Online

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജ്

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി കോട്ടയം മെഡിക്കല്‍ കോളജ്. ഒരു ദിവസം തന്നെ ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ 3 അവയവങ്ങളും മാറ്റിവയ്ക്കുന്ന ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കല്‍ കോളജ് തയ്യാറാകുന്നത്. ഇത് യാഥാ‍‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ തന്നെ മറ്റൊരു ആശുപത്രികള്‍ക്കും ലഭിക്കാത്ത ചരിത്ര നേട്ടമായിരിക്കും കോട്ടയത്തെ കാത്തിരിക്കുന്നത്.

ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ഇതാദ്യമായിരിക്കും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറായ എ.ആര്‍. അനീഷിന്റെ ഹൃദയം ഉള്‍പ്പടെ ഒന്‍പത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. ശസ്ത്രക്രിയ നാളെ നടക്കും. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

Exit mobile version