മൂന്നാഴ്ചയിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. വൈകിട്ട് ആറിന് സ്ഥാനാർത്ഥികൾ പരസ്യപ്രചരണം അവസാനിപ്പിക്കും. നാളെ നിശബ്ദ പ്രചാരണത്തിന്റെ ഇടവേള കഴിഞ്ഞ് 19ന് നിലമ്പൂർ വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. 23ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെണ്ണൽ ആരംഭിക്കും. പ്രമുഖ മുന്നണികളുടേതടക്കം 10 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
മണ്ഡലത്തിൽ 2,32,057 വോട്ടർമാരാണുള്ളത്. 1,18,750 പേർ സ്ത്രീകളും 1,13,299 പുരുഷ വോട്ടർമാരുമാണ്. എട്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. നിലമ്പൂർ നഗരസഭയിലും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളിലുമായി 263 പോളിങ് ബൂത്തുകളാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ ചതുഷ‌്കോണ മത്സരത്തിന്റെ പ്രതീതിയാണ് ഉളവായതെങ്കിലും മൂന്നാഴ്ച കൊണ്ട് രണ്ടുപേർ ചിത്രത്തിൽ നിന്ന് മാഞ്ഞുപോയി. മത്സരമേ വേണ്ടെന്നുവച്ചു നടന്ന ബിജെപി വിവിധ കേരള കോൺഗ്രസുകളിൽ ഓടിനടന്നു പ്രവർത്തിച്ച ഒരാളെയാണ് ഒടുവിൽ കണ്ടെത്തിയത്. മുതിർന്ന ബിജെപി നേതാക്കളാരും ഇതേവരെ പ്രചരണരംഗത്ത് എത്തിയതുമില്ല. പാരഡി ഗാനങ്ങൾ വച്ച് കുറെ ജീപ്പുകൾ ഓടുന്നതാണ് ആകെയുള്ള പ്രചരണം. പഞ്ചായത്തുകൾ തോറുമുള്ള പര്യടനവും ഭാഗികമായിരുന്നു.
കഴിഞ്ഞ ദിവസത്തെ റോഡ് ഷോ ഒഴിച്ചുനിർത്തിയാൽ പി വി അൻവറും ഒരാഴ്ചയിലേറെയായി നിശബ്ദ പ്രചരണത്തിലായിരുന്നു. മാനം കാക്കാനാവുംവിധം വോട്ട് സമാഹരിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഫലത്തിൽ, എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള മത്സരമായി വോട്ടെടുപ്പ് മാറുന്നതാണ് ഒടുവിലത്തെ ചിത്രം. മണ്ഡലത്തിന്റെ സമീപകാല നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വച്ചുള്ള കണക്കും കണക്കുകൂട്ടലുകളും എൽഡിഎഫിന്റെ വിജയസാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. യുഡിഎഫ് നേതാക്കൾ പോലും ‘കടുത്ത മത്സരമാണ് ’ എന്ന ഒറ്റ വാചകത്തിലാണ് പ്രതികരണം ഒതുക്കുന്നത്.
മണ്ഡലത്തിലെ 46 കേന്ദ്രങ്ങളിൽ എൽഡിഎഫ് സംഘടിപ്പിച്ച മെഗാ കുടുംബസംഗമം പ്രചരണരംഗത്ത് പുതുമയായി. റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികളുമായി ഇന്നും കളം നിറഞ്ഞ് എൽഡിഎഫ് പ്രചരണം തുടരും.

