രാജ്യാന്തര പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഇന്ത്യയ്ക്കായി സുവർണ്ണ നേട്ടം കെെവരിച്ചിരിക്കുകയാണ് ഫറോക്ക് നല്ലൂർ സ്വദേശിയായ ഗോകുൽദാസ്. ഈ മാസം 11 മുതൽ 18 വരെ ഉഗാണ്ടയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എസ്എൻ സിക്സ് വിഭാഗത്തിലാണ് പെരിന്തൽമണ്ണ സ്വദേശി ആകാശ് എസ് മാധവിനൊപ്പം ഗോകുൽ ദാസ് ഡബിൾസിൽ സ്വർണ്ണവും സിങ്കിൾസിൽ വെങ്കലവും നേടി നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. കേരളത്തിൽ നിന്ന് പാരാബാഡ്മിന്റൺ വിഭാഗത്തിൽ എസ്എച്ച് സിക്സ് കാറ്റഗറിയിൽ മെഡൽ നേടുന്ന ആദ്യ മലയാളികൾ കൂടിയാണിവർ. കേരളത്തിൽ നിന്ന് നാല് പേരാണ് മത്സരത്തിൽ പങ്കെടുത്തത്. എസ് യു ഫെെവിൽ ചാൾസ് സൂസാ മറിയം ഡബിൾസിൽ വെങ്കലവും, എസ്എൽ ഫോറിൽ ശ്രീറാം മുത്തു രാമൻ മിക്സഡ് ഡബിൾസിൽ സിൽവറും ഡബിൾസിൽ വെങ്കലവും നേടിയിട്ടുണ്ട്.
പഠനകാലത്ത് കായികപരമായി ഒരിനങ്ങൾക്കു പേലും പങ്കെടുത്തിട്ടില്ലെന്നും പാരാഗെയിംസിനെ കുറിച്ച് അറിഞ്ഞതിനു ശേഷമാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നതെന്നും ഗോകുൽ ദാസ് പറഞ്ഞു.കലാരംഗത്ത് സജീവമായതിനാൽ നാടകത്തിൽ ജില്ലാ തലം വരെയും മത്സരിച്ചിട്ടുണ്ട്. അഞ്ചു വർഷത്തോളമായി ഈ മേഖലയിൽ സജീവമായ ഗോകുൽ 2019 ൽ തായ്ലന്റിൻ വച്ചു നടന്ന ചാമ്പ്യൻഷിപ്പിലും മത്സരിച്ചു. നവംബറിൽ ജപ്പാനിൽ വച്ച് നടക്കുന്ന ലോകചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ അതിൽ വിജയം ഉറപ്പാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഈ കോഴിക്കോട്ടുകാരൻ. സ്പോൺസർഷിപ്പ് കാര്യമായി ലഭിക്കാത്തതിനാൽ കഴിഞ്ഞ രണ്ടു വർഷവും സ്വന്തം ചിലവിലാണ് മത്സരിക്കാൻ പോയത്. പലകായിക സംഘടനകളെ സമീപിക്കുമ്പോളും അവർ പരിഹസിക്കുന്ന തരത്തിലാണ് തങ്ങളെ കണ്ടിരുന്നത്, എന്നാൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയപ്പോൾ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി പലകോണിൽ നിന്നും സഹായഹസ്തവുമായി പലരും സമീപിക്കുന്നതായി ഗോകുൽ പറഞ്ഞു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദ നേടിയ ശേഷം കാര്യമായ ജോലി ഒന്നും തന്നെ ആയിട്ടില്ലാത്ത ഗോകുൽ പി എസ് സി പഠനവുമായി മുന്നോട്ട് പോകുകയാണ്. വടക്കയിൽ ഗോവിന്ദൻകുട്ടി-ഗിരിജ ദമ്പതികളുടെ മകനാണ്. ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയതിൽ സന്തോഷമുണ്ടെന്നും രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ മത്സരിച്ചതിനാൽ ഏഷ്യൻ ഗെയിംസ്, ഒളിംബിക്സ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കണമെന്നാണ് ആഗ്രഹമെന്നും ഗോകുൽദാസ് വ്യക്തമാക്കി.
English Summary: Kozhikode wins gold in parabadminton
You may like this video also