Site iconSite icon Janayugom Online

കൊഴിഞ്ഞ തുമ്പകൾ

ഉണ്ണി നീ ഓണമുണ്ണുക
വെട്ടിയ തൂശനിലയിൽ
അമ്മതൻ വാത്സല്യ
ശർക്കര ചോറ് നീ ഉണ്ണുക
തുമ്പയും തുമ്പിയും
ഊറിച്ചിരിക്കുന്ന
തൊടിയിൽ വരമ്പിൽ
ഒരു കുമ്പിൾ പൂതേടിയലയുക
വരിനെല്ല് പുളയുന്ന
പാടത്തിനക്കരെ പുഴയുണ്ട്
നീർ കുളിരുണ്ട്
അതിൽ നീന്തിത്തുടിക്കുക
പാണന്റെ നന്തുണിപാട്ടിലലിയുന്ന
പഴങ്കഥപ്പൊരുൾ തേടിയലയുക
കാലത്തിൻ കൈവല്യമാവുക
കണ്ണാന്തളിപ്പൂ മുറ്റത്ത്
പിച്ചകം തെച്ചിയും നന്ത്യാർവട്ടവും
നന്നായി നിരത്തുക
ഓണമില്ലാത്തോർക്കും
ഓണമുണ്ണാൻ
കൈവെള്ള നാക്കിലത്തുമ്പായ്
എന്നും നിവർത്തുക
ഒന്നുപോലെന്നുള്ള സൗഹൃദത്തെ
എന്നുമൊഴിയാതെ ചേർത്തു നീ വയ്ക്കുക
നാട്ടുവരമ്പിലെ നന്മതൻ പൂക്കളെ
മായ്ക്കാതെ നെഞ്ചിൽ
വരച്ചു നീ വയ്ക്കുക
ഇവിടെ വിലയ്ക്ക് വാങ്ങിയ
ഓണമുണ്ട്
നരച്ച് തേൻവറ്റിയ പൂക്കളമുണ്ട്
കുറുകി ജീവനറ്റ വാക്കിന്റെ സന്ദേശങ്ങളുണ്ട്
നാവിലെ രുചിയിടങ്ങളിൽ
വല്ലാത്ത ഉപ്പില്ലായ്മകളുണ്ട്

Exit mobile version