Site iconSite icon Janayugom Online

ഈ ഫ്യൂസൂരിക്കളി ജനം കാണുന്നുണ്ട്

ചിലതൊക്കെ കാണുമ്പോള്‍ അതു കാട്ടിക്കൂട്ടുന്നവരൊഴികെ മാലോകര്‍ക്കാര്‍ക്കും അത് തമാശയായി കാണാനാവില്ല. നെറ്റിപ്പട്ടം ചൂടി അമ്പാരിയും ആലവട്ടവുമായി ആനപ്പുറത്തുകയറിയ ധാര്‍ഷ്ട്യത്തിന്റെ എഴുന്നള്ളത്തുകളായേ ജനം ഇത്തരം കലാപരിപാടികളെ കാണൂ. കഴിഞ്ഞ കുറേ ദിവസങ്ങളായി വന്നുമറിയുന്ന വാര്‍ത്തകളിലുടനീളം നിറഞ്ഞു നില്‍ക്കുന്നത് വൈദ്യുതി ബോര്‍ഡിന്റെ ധിക്കാരത്തിന്റെ കഥകളാണ്. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഒരു ചെറുവാഹനത്തില്‍ അറ്റത്തുവളഞ്ഞ കത്തി ഘടിപ്പിച്ച നെടുനെടുങ്കന്‍ തോട്ടിയുമായി റോഡിലൂടെ കുതിക്കുന്നു. ട്രാഫിക് നിയമങ്ങളോ എഐ കാമറയോ ഒന്നും അവര്‍ക്ക് പ്രശ്നമല്ല. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ പിടികൂടി പിഴയിടുന്നു. പിന്നീടങ്ങോട്ട് പകപോക്കലിന്റെ പൂരം. സംഭവം നടന്ന പ്രദേശം ഉള്‍പ്പെടുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫിസിലെ വൈദ്യുതി ലൈനിന്റെ ഫ്യൂസൂരി വൈരാഗ്യം തീര്‍ക്കുന്നു. അതുകൊണ്ടരിശം തീരാത്തവനാ പുരയുടെ ചുറ്റും മണ്ടി നടന്നുവെന്നമട്ടില്‍ കാസര്‍കോട്ടെയും ഇടുക്കിയിലെയും വയനാട്ടിലെയും മോട്ടോര്‍വാഹന നികുതി വകുപ്പ് ഓഫിസുകളുടെയുമെല്ലാം ഫ്യൂസൂരല്‍ മഹോത്സവം. കണ്ണൂര്‍ ജില്ലയിലെ എഐ കാമറകള്‍ നിയന്ത്രിക്കുന്ന മട്ടന്നൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലെയും ഫ്യൂസ് ഊരിക്കൊണ്ടുപോകുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ട്രാഫിക് അപ്പാടെ സ്തംഭിപ്പിക്കുന്ന ഫ്യൂസൂരിക്കളി. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളെ മാത്രം വളഞ്ഞിട്ടാക്രമിക്കുന്ന ഈ ഫ്യൂസൂരല്‍ വിപ്ലവം ആസൂത്രിതമല്ലാതെ മറ്റെന്താണ്. വൈദ്യുതി ബോര്‍ഡിന് കറണ്ടു കുടിശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് 2,600 കോടിയില്‍പരം രൂപ. ഇതില്‍ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ ഓഫിസുകളുടെയും വന്‍കിട വ്യവസായികളുടെയും കുടിശികയാണ്.

സാധാരണക്കാരില്‍ നിന്നും കാലണ കുടിശിക ഈടാക്കാനില്ലെന്നാണ് ബോര്‍ഡിന്റെ തന്നെ കണക്കുകള്‍ പറയുന്നത്. പിരിഞ്ഞുകിട്ടാനുള്ള തുക ഈടാക്കാതെ വൈദ്യുതി നിരക്ക് വാനോളം ഉയര്‍ത്തി ജനങ്ങളെ പിഴിയാനുള്ള നീക്കത്തിന് ഹൈക്കോടതി തടയിട്ടതോടെ കുടിശിക പിരിക്കാനെന്ന പേരില്‍ പരക്കെ ഫ്യൂസൂരല്‍ നാടകങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിനെതിരേ മാത്രം. പൊലീസ് സ്റ്റേഷനുകളടക്കം പൊലീസ് ആസ്ഥാനം വരെ ഫ്യൂസൂരി പേടിപ്പിക്കാനുള്ള ബോര്‍ഡിന്റെ നീക്കം അപ്പാടെ പാളി. വൈദ്യുതി നിലയങ്ങള്‍ക്കും മറ്റ് വൈദ്യുതി അധിഷ്ഠാപനങ്ങള്‍ക്കും സുരക്ഷ നല്കുന്നയിനത്തില്‍ പൊലീസിന് നല്കാനുള്ള കുടിശിക തുക ഉടനടച്ചില്ലെങ്കില്‍ ബോര്‍ഡിലെ തമ്പ്രാക്കളുടെ തലയിലെ ഫ്യൂസൂരുമെന്ന് പൊലീസ് വിരട്ടിയതോടെ വൈദ്യുതി ബോര്‍ഡിനു മിണ്ടാട്ടമില്ലാതായി. ബോര്‍ഡിന്റെ ആസൂത്രിതമായ ഈ നീക്കത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ആപത്തുകള്‍ ജനം തിരിച്ചറിയുന്നുണ്ട്. കറണ്ടു വാടകയിനത്തില്‍ ജല അതോറിറ്റിയില്‍ നിന്നും അറുനൂറു കോടിയിലധികം രൂപ വൈദ്യുതി ബോര്‍ഡിനു കിട്ടാനുണ്ടത്രേ. ഈ തുക ഈടാക്കാന്‍ ജല അതോറിറ്റിക്കുള്ള ഫ്യൂസുകള്‍ എല്ലാം ഊരിയാലോ. അതോറിറ്റി തിരിച്ചടിച്ച് വൈദ്യുതി ഭവനടക്കമുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റ് മുതലുള്ള സര്‍വ സര്‍ക്കാര്‍ ഓഫിസുകളിലെയും ജല വിതരണം വിച്ഛേദിച്ചാല്‍ കുടിവെള്ളം കിട്ടാതെ മരിക്കുകയല്ലാതെ ഗത്യന്തരമുണ്ടോ! വൈദ്യുതി ബോര്‍ഡായാലും ജല അതോറിറ്റിയായാലും വമ്പന്മാരുടെ കുടിശികകള്‍ പിരിച്ചെടുക്കാതെ വെള്ളക്കരവും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കുകയല്ല പോംവഴി. അല്ലാതെ ജലവിതരണം വിച്ഛേദിച്ചും, ഫ്യൂസൂരിയും ജനങ്ങളെ കബളിപ്പിക്കുകയല്ല വേണ്ടത്.


ഇതുകൂടി വായിക്കൂ: കെ ഫോണ്‍, കേരളത്തിന്റെ മറ്റൊരു ബദല്‍


അതോറിറ്റിയിലെയും ബോര്‍ഡിലെയും ഏമാന്മാര്‍ക്ക് ഇതൊന്നും മനസിലായമട്ടില്ല. എരുമച്ചന്തിയില്‍ കിന്നരം വായിച്ചിട്ടെന്തു ഫലം എന്നല്ലേ പ്രമാണം. ഈയിടെ ഒരു കഥകേട്ടു. ഒരു യാചകന്‍ ഹിന്ദു ദേവാലയത്തിന്റെയും മുസ്ലിം മസ്ജിദിന്റെയും ക്രിസ്ത്യന്‍ പള്ളിയുടെയും മുന്നില്‍ ഭിക്ഷാടനത്തിനു ചെന്നു. സര്‍വപാപച്ചുമടുകളും ദൈവത്തിന്റെ തലയിലേറ്റിയിട്ട് പുറത്തിറങ്ങിയവര്‍ ആരും കാല്‍ കാശുപോലും നല്കാതെ, തിരിഞ്ഞുപോലും നോക്കാതെ കടന്നുപോയി. നിരാശനായ ഭിക്ഷക്കാരന്‍ ഒരു മദ്യഷാപ്പിന്റെ മുന്നിലെത്തി. മദ്യപിച്ചിറങ്ങുന്നവര്‍ അയാളുടെ ഭിക്ഷാപാത്രം നോട്ടുകള്‍കൊണ്ടു നിറച്ചു. ചിലര്‍ യാചകനെ ചുംബിച്ചു. മറ്റൊരു കുടിയന്‍ അരക്കുപ്പി മദ്യം യാചകന്റെ കയ്യില്‍ വച്ചിട്ട് പറഞ്ഞു, എന്‍ജോയ് സഹോദരാ, ഇതെല്ലാം കണ്ട് യാചകന്‍ അമ്പരന്നു. തനിക്ക് കിട്ടിയ ദൈവത്തിന്റെ പള്ളിയിലെയും അമ്പലത്തിലെയും മസ്ജിദിലെയും വിലാസം തെറ്റായിരുന്നു. ദൈവത്തിന്റെ വിലാസം മദ്യാലയം തന്നെയാണെന്ന് യാചകന് സമ്പൂര്‍ണ ബോധ്യമായി. ഇനി മറ്റൊരു കഥ. 1970 ഫെബ്രുവരിയില്‍ 53 വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയുടെ മരണസര്‍ട്ടിഫിക്കറ്റിനായി അന്നമനടയിലെ 83 കാരിയായ മകള്‍ അന്നമനട കല്ലൂര്‍വീട്ടില്‍ തങ്കമ്മ പതിറ്റാണ്ടുകളായി ഓഫിസുകള്‍ കയറിയിറങ്ങുന്നു. ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം തങ്കമ്മയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടും അരനൂറ്റാണ്ടിനുമപ്പുറമുള്ള ഒരു മരണ സര്‍ട്ടിഫിക്കറ്റിനു വേണ്ടി നടന്നലയുന്ന വയോവൃദ്ധയായ മകള്‍.

ഓരോ ഫയലിനു പിന്നിലും ഓരോ ജീവിതമാണുള്ളതെന്ന ഹൃദയസ്‌പൃക്കായ ഓര്‍മ്മപ്പെടുത്തലുകളെ വെറും നോക്കുകുത്തികളാക്കുന്നവയല്ലേ നമ്മുടെ സംവിധാനങ്ങള്‍. തങ്കമ്മ ഈ സംവിധാനത്തില്‍ തീക്കനല്‍ കൊണ്ടെഴുതിയ ചോദ്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.… വിവാദങ്ങളുണ്ടാക്കുന്നതില്‍ ലോകത്തെ അഗ്രഗണ്യര്‍ ആരെന്നു ചോദിച്ചാല്‍ അതിനൊരു മറുപടിയേയുള്ളു. തന്നെയാരും ശ്രദ്ധിക്കുന്നില്ലെന്നു തോന്നുമ്പോള്‍ ചിലര്‍ ഒരു വിവാദക്കല്ലേറു നടത്തി ശ്രദ്ധേയനാവും. അല്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ നമ്മുടെ തലസ്ഥാനം അനന്തപുരിയില്‍ നിന്നു കൊച്ചിയിലേക്ക് പറിച്ചുനടണമെന്ന് പറയുമോ! എന്തായാലും കോണ്‍ഗ്രസുകാരടക്കം സര്‍വമാനപേരും എതിരായപ്പോള്‍ ഹൈബിയുണ്ടാക്കിയ വിവാദം വേലിയിലിരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്തുവച്ചതുപോലെയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചില മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഓപ്പറേഷന്‍ തിയേറ്ററിലും ഹിജാബും ശരീരമാകെ മറയ്ക്കുന്ന കറുത്ത വസ്ത്രമണിഞ്ഞു ശസ്ത്രക്രിയ നടത്തണമെന്ന് ശാഠ്യം. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തെളിയുന്ന രോഗി കറുപ്പില്‍ പൊതിഞ്ഞ പ്രേതരൂപത്തിലുള്ള ഡോക്ടറെക്കണ്ട് മയ്യത്താവുകയേയുള്ളു. മുലക്കച്ചയും ഓലക്കുടയുമായി എത്തുന്ന നമ്പൂതിരിപ്പെണ്ണ് ഡോക്ടര്‍ നിലത്തു പായ വിരിച്ചിരുന്ന് ഗായത്രീമന്ത്രം ചൊല്ലി ഹോമം നടത്തിയശേഷം ശസ്ത്രക്രിയ നടത്തുന്നതു കാണാന്‍ എന്തു ചന്തമായിരിക്കും!

Exit mobile version