19 May 2024, Sunday

കെ ഫോണ്‍, കേരളത്തിന്റെ മറ്റൊരു ബദല്‍

Janayugom Webdesk
June 6, 2023 5:00 am

ശാസ്ത്ര സാങ്കേതിക രംഗത്തും വിവരവിനിമയ മേഖലയിലും മാനവരാശി കൈവരിച്ച ഏറ്റവും ഉയര്‍ന്നതും ഉന്നതവുമായ നേട്ടങ്ങളില്‍ ഒന്നാണ് ഇന്റര്‍നെറ്റ്. ആഗോളതലത്തില്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് ശൃംഖല, വര്‍ത്തമാന കാലത്ത് തലമുറ വ്യത്യാസമില്ലാതെ മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. വിവരങ്ങള്‍, വിജ്ഞാനം, വിനിമയം എന്നിവ ആര്‍ജിക്കുന്നതും കൈമാറുന്നതും വിപുലശേഷിയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വഴിയാണ്. അതിവേഗത്തില്‍ വിവര, വിജ്ഞാന വിനിമയത്തിനുപയോഗിക്കുന്ന ഈ രംഗം എല്ലാ സാങ്കേതിക നേട്ടങ്ങളുമെന്നതുപോലെ കുത്തകകള്‍ കയ്യടക്കിവച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളായി കേന്ദ്ര ഉടമസ്ഥതയിലുള്ള ബിഎസ്‍എന്‍എല്‍ ഉണ്ടെങ്കിലും പ്രസ്തുത സ്ഥാപനം ജീവനക്കാരെയും സൗകര്യങ്ങളും വെട്ടിക്കുറച്ച് സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്. കൂടാതെ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി നിരവധി കോര്‍പറേറ്റ് സംരംഭകര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനും ബിഎസ്‍എന്‍എല്ലിനെ മറികടക്കുവാനും സാധിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരന് ഇപ്പോഴും താങ്ങാവുന്നതിനപ്പുറം തന്നെയാണ് അവയുടെ സേവനം. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ പ്രവര്‍ത്തനപഥത്തിലെത്തിയ കെ ഫോണിന്റെ പ്രസക്തിയേറുന്നത്.

സ്വകാര്യകുത്തകകള്‍ കയ്യടക്കിയ ഇന്റര്‍നെറ്റ് സംവിധാനം പാവപ്പെട്ടവര്‍ക്ക് സൗജന്യമായും സാധാരണക്കാരന് കുറഞ്ഞ നിരക്കിലും ലഭ്യമാക്കിക്കൊണ്ട് കുത്തകവല്‍ക്കരണത്തിനെതിരായ ബദലുയര്‍ത്തിയിരിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം കൂടിയാണ് കേരളം. അതിന്റെ തുടര്‍ച്ചയായാണ് ബ്രോഡ്ബാൻഡ് കണക്ഷന്‍ നല്കുന്നതിനുള്ള രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ സംരംഭമായ കെ ഫോൺ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ അതിര്‍വരമ്പുകളില്ലാതെ സംസ്ഥാനത്തെ 75 ലക്ഷം കുടുംബങ്ങളിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി കണക്ഷന്‍ ലഭ്യമാക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തിലും കണക്ഷന്‍ നല്കി വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 എന്ന നിലയില്‍ തിരഞ്ഞെടുത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 ഭവനങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന്‍ ലഭ്യമാക്കുക.


ഇതുകൂടി വായിക്കൂ: നവകേരള സ്റ്റോര്‍ ഒരു ലോകമാതൃക


വളരെ സുതാര്യമായ നടപടിക്രമങ്ങളിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇവരെ കണ്ടെത്തിയത്. 26,492 സർക്കാർ ഓഫിസുകളിൽ കെഫോൺ സ്ഥാപിക്കല്‍ പൂർത്തിയാക്കി. 17,354 ഓഫിസുകളില്‍ ഇന്റർനെറ്റ് സേവനം ലഭ്യമാകുകയും ചെയ്തു. ഈ മാസം അവസാനത്തോടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കണക്ഷൻ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വീടുകള്‍ക്കും ഓഫിസുകള്‍ക്കുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റോടെ വാണിജ്യാടിസ്ഥാനത്തില്‍ കണക്ഷൻ നല്കുന്നതിനുള്ള ഘട്ടത്തിലേക്ക് കടക്കും. ആദ്യവർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നല്കാമെന്നാണ് കണക്കുകൂട്ടൽ. ഈവിധത്തില്‍ സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുന്നതിനാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്. ഗ്രാമ‑നഗരങ്ങളെ ബന്ധിപ്പിക്കുകയും സാര്‍വത്രിക ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ ഡിജിറ്റല്‍ രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്നതിനും സാധിക്കും. പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടം മുതല്‍ കുപ്രചരണങ്ങളും ദുരാരോപണങ്ങളും ഉന്നയിച്ച് പദ്ധതി തടസപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെയും ഒരുകൂട്ടം മാധ്യമങ്ങളുടെയും ഭാഗത്തുനിന്നുണ്ടായിരുന്നു. ലക്ഷ്യത്തിലെത്തില്ലെന്ന് അവരെല്ലാം കരുതിയിരുന്ന കെ ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നുവെന്ന് വന്നതോടെ പുതിയ ആരോപണങ്ങളും പരിഹാസങ്ങളുമായി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ വീണ്ടും രംഗത്തെത്തിയിട്ടുമുണ്ട്.

യഥാര്‍ത്ഥത്തില്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുകയും കോര്‍പറേറ്റുകള്‍ കയ്യടക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു ബദല്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് കെ ഫോണിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍. നേരത്തെ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടുകയോ, വില്പനയ്ക്ക് വയ്ക്കുകയോ ചെയ്ത സ്ഥാപനങ്ങള്‍ ഏറ്റെടുത്താണ് കേരളം വഴികാട്ടിയത്. കാസര്‍കോട്ടെ ഭെല്ലും കോട്ടയത്തെ എച്ച്എന്‍എല്ലും അവയില്‍ പ്രധാനപ്പെട്ടതാണ്. ടെലികോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയുടെ 2021 ജൂലൈയിലെ കണക്കനുസരിച്ച് 79.85 കോടി ഉപയോക്താക്കളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 44.6 കോടി റിലയന്‍സ്, 20.17 കോടി എയര്‍ടെല്‍, 12.39 കോടി വോഡഫോണ്‍ എന്നിവയാണ് പങ്ക് വയ്ക്കുന്നത്. അതേസമയം രാജ്യത്തെ പൊതുമേഖലയിലുള്ള ബിഎസ്‍എന്‍എല്ലിന് കേവലം 2.43 കോടി ഉപയോക്താക്കളേയുള്ളൂ. ബിഎസ്‍എന്‍എല്‍ പോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്തുകൊണ്ട് പിറകിലായി എന്ന് പരിശോധിക്കുവാന്‍ പോലും സന്നദ്ധമാകാതിരിക്കുമ്പോഴാണ് കേരളം ഇത്തരത്തിലൊരു ബദലുയര്‍ത്തുന്നത് എന്നത് പ്രാധാന്യമര്‍ഹിക്കുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.