Site icon Janayugom Online

‘ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം’; ആദരവുമായി കെഎസ്ആർടിസി, ബസിൽ ചിത്രങ്ങൾ പതിപ്പിച്ചു

ഹോക്കി താരം ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് ആദരം ഒരുക്കി കെഎസ്ആർടിസി പുറത്തിറക്കിയ ബസ്

ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി ആർ‌ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന്  വേണ്ടി ശ്രീജേഷിൻ്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ  RSC 466 എന്ന ബസ് നഗരത്തിൽ സർവ്വീസ് നടത്തും.  വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ “ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം ” എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.

മാനുവൽ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിംപിക് മെഡൽ നേടുന്ന മലയാളിയായി പി ആർ ശ്രീജേഷ് മാറുമ്പോൾ നിറവേറുന്നത് മലയാളിയുടെ 48 വർഷം നീണ്ട കാത്തിരിപ്പിനാണ്. മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ച പി ആർ ശ്രീജേഷ് എന്ന മലയാളി ഗോൾകീപ്പർക്ക് ഭാരതത്തിൻ്റെ ഈ അനിർവചനീയമായ നേട്ടത്തിൽ വലിയ പങ്ക് വഹിക്കാനായി. അത് മലയാളികളെ മുഴുവൻ അറിയിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി ഈ ഉദ്യമം ഏറ്റെടുത്തത്.

കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് മുന്നോട്ട് വെച്ച ആശയം  കെ എസ് ആർ ടി സി യിൽ പുതുതായി രൂപവൽക്കരിച്ച കമേഴ്സ്യൽ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിൻ്റെ ഡിസൈൻ പൂർണമായും നിർവഹിച്ചത് കെ എസ് ആർ ടി സി ജീവനക്കാരനായ എ.കെ ഷിനുവാണ്. മികച്ച രീതിയിൽ ബസിൽ ചിത്രങ്ങൾ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാർ , നവാസ്, അമീർ എന്നിവർ ചേർന്നാണ്. ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസർ ജേക്കബ് സാം ലോപ്പസ്, എഡിഇ നിസ്താർ എന്നിവരും പിൻതുണ നൽകി.

കേരളത്തിൽ നിന്നും ഇനിയും അനേകം ശ്രീജേഷുമാർ ഉയർന്നു വരാൻ കെ എസ് ആർ ടി സിയുടെ ഈ പ്രോത്സാഹനം സഹായകകരമാകുമെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതീക്ഷ.

Eng­lish sum­ma­ry: KSRTC hon­ors PR Sreejesh

You may also like this video:

Exit mobile version