ഇനി മുതൽ ചില്ലറയും കറന്‍സി നോട്ടുമില്ലാതെ ബസില്‍ ധൈര്യമായി കറയാം.കെഎസ്ആർടിസി ബസും ഡിജിറ്റൽ പണമിടപാടിനൊരുങ്ങുകയാണ്.രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളെല്ലാം ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. . ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാൻ സാധിക്കുന്നതാണ്.
ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീന്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലേക്കും രണ്ടുമാസത്തിനുള്ളില്‍ പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈന്‍ സംവിധാനവുമാണ് കോര്‍പറേഷന്‍ വാടകയ്ക്ക് എടുക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ചും പുതിയ മെഷീനുകളില്‍ പണമിടപാട് സാധ്യമാണ്. ബസില്‍ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസര്‍വേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും.
ഇതിലൂടെ ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാനുമാകും. തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും. ഒരോ ബസുകളുടെ യാത്രാ വിവരവും ചലോ മൊബൈല്‍ ആപ്പില്‍ തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരവും ലഭിക്കുന്നതാണ്