Site iconSite icon Janayugom Online

കെഎസ്ആർടിസി തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം

KSRTCKSRTC

സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനമായ കെഎസ്‍ആര്‍ടിസി വിവാദങ്ങളുടെ യാത്ര തുടങ്ങിയിട്ട് ദശകങ്ങളായി. ഇപ്പോഴും കേരളത്തിന്റെ എല്ലാ ജില്ലകളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുകയും സാധാരണക്കാര്‍ക്കുള്‍പ്പെടെ ആശ്രയമാകുകയും ചെയ്യുന്ന ഗതാഗത സംവിധാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്‍ആര്‍ടിസി. എങ്കിലും എല്ലാ കാലത്തും ആ സംരംഭം ചര്‍ച്ചാ വിഷയമാകാറുള്ളത് അതിന്റെ വന്‍ നഷ്ടത്തിന്റെ പേരിലാണ്. സ്ഥാപനം നഷ്ടത്തിലാകുന്നതിന് കാരണങ്ങള്‍ പലതാണ്. അവയെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുന്നതിന് പകരം പലപ്പോഴും തൊഴിലാളികളെയും ജീവനക്കാരെയും പഴിചാരുന്ന പ്രവണതയാണ് ഉണ്ടാകാറുള്ളത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവില്‍ നിന്നുണ്ടായത്.


ഇതുകൂടി വായിക്കൂ: തേയില ഉല്പാദന മേഖല പ്രതിസന്ധിയിൽ


വ്യത്യസ്തമായ കാരണങ്ങളാണ് നഷ്ടത്തിനെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തിയതിന്റെ ശിക്ഷയും തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. തീര്‍ച്ചയായും ഇന്ധന വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യത അധികമായി അടിച്ചേല്പിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ധന വില തോന്നുംപടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത് കെഎസ്ആര്‍ടിസിയുടെ ബാധ്യതയിലും വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ പമ്പുകള്‍ക്ക് നല്കി വന്നിരുന്ന നിരക്കില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഉപഭോക്താവ് എന്ന പരിഗണനയിലേക്ക് മാറ്റി ഇന്ധന വില ഉയര്‍ത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സ്വകാര്യ പമ്പുകള്‍ക്ക് നല്കിയിരുന്ന ചില്ലറ വിലയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വില നിശ്ചയിക്കുകയാണ് എണ്ണക്കമ്പനികള്‍ ചെയ്തത്. ഈ രീതിയില്‍ രണ്ടുതവണയായി നിരക്കുവര്‍ധന നടപ്പിലാക്കിയപ്പോള്‍ ചില്ലറ വിലയെക്കാള്‍ 27.88 രൂപയുടെ വ്യത്യാസമാണുണ്ടായത്. 21ശതമാനമാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇത് പ്രതിദിനം 75 ലക്ഷം മുതൽ 83 ലക്ഷം രൂപയുടെയും ഒരു മാസം 22 മുതൽ 25 കോടി രൂപയുടെയും അധികബാധ്യതയാണ് ഉണ്ടാക്കുന്നത്. പൊതുവേ നഷ്ടത്തിലായ സ്ഥാപനത്തിന്റെ പ്രതിസന്ധി ഇതോടെ രൂക്ഷമായി. എന്നാല്‍ അതിന്റെ ഫലമായി പിരിച്ചുവിടലും നിര്‍ത്തിവയ്ക്കലുമാണ് പ്രതിവിധിയെന്ന നിലയിലാണ് മന്ത്രിയും സ്ഥാപന മേധാവികളും പ്രശ്നത്തെ സമീപിക്കുന്നത്. അവിടെയും ശിക്ഷാര്‍ഹരായി മാറുന്നത് തൊഴിലാളികളും ജീവനക്കാരുമെന്നര്‍ത്ഥം.


ഇതുകൂടി വായിക്കൂ: കെഎസ്ആര്‍ടിസി മാനേജ്മെന്റ് സർക്കാർ നയം നടപ്പിലാക്കണം‌: കാനം


എല്ലാത്തിനും തൊഴിലാളികളെ കുറ്റപ്പെടുത്തി കൈകഴുകുന്നതിനുപകരം കെഎസ്‍ആര്‍ടിസിയുടെ യഥാര്‍ത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കുക എന്നതായിരിക്കണം മാനേജ്മെന്റിന്റെ മുഖ്യപരിഗണന. സ്ഥാപനത്തില്‍ നടപ്പിലാക്കുന്ന പല പരിഷ്കാരങ്ങളും ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നവയാണെന്ന് തൊഴിലാളികളിലെ മഹാഭൂരിപക്ഷവും അഭിപ്രായപ്പെടുന്നുണ്ട്. സമീപകാലത്ത് നടപ്പിലാക്കിയ കെ സ്വിഫ്റ്റ് സംവിധാനത്തെ കുറിച്ചും വിവിധ തൊഴിലാളി സംഘടനകള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. കെഎസ്‍ആര്‍ടിസിക്കു പുറമേ പ്രത്യേക കമ്പനിയായി കെ സ്വിഫ്റ്റ് ആരംഭിക്കുന്നത് ഇപ്പോഴത്തെ നഷ്ടം കൂട്ടുന്നതിന് ഇടയാക്കുമെന്ന് തൊഴിലാളികള്‍ പറയുന്നുണ്ട്. നിലവില്‍ സ്ഥാപനത്തിന് നല്ല വരുമാനം നേടിക്കൊടുക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റിനു കീഴിലേക്ക് മാറുന്നത് കെഎസ്‍ആര്‍ടിസിയുടെ വരുമാന നഷ്ടത്തിനാണ് കാരണമാകുക. നിലവിലുള്ള തൊഴിലാളികള്‍ക്ക് സ്വിഫ്റ്റിന് കീഴിലേക്ക് മാറുന്നതിനുള്ള നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതും തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്ഥാപനം നഷ്ടത്തിലായതിന്റെ പേരില്‍ വൈകുന്ന വേതനവും ഇല്ലാതെ പോകുന്ന സ്ഥാനക്കയറ്റവുമെല്ലാം അംഗീകരിച്ചാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ സ്ഥാപനത്തില്‍ ജോലിയെടുക്കുന്നത്. പത്തുവര്‍ഷത്തെ ഇടവേളയിലാണ് വേതന പരിഷ്കരണം നടപ്പിലാക്കിയത്. അതുതന്നെ ഒരുവര്‍ഷം മാത്രം മുന്‍കാല പ്രാബല്യത്തോടെയായിരുന്നു എന്ന വസ്തുതയും അംഗീകരിക്കപ്പെടണം. കാര്യശേഷിയുള്ള ഒരു മാനേജ്മെന്റ് നഷ്ടത്തിലാണ് എന്ന പല്ലവി ആവര്‍ത്തിക്കുകയല്ല ചെയ്യേണ്ടത്. ആസൂത്രിതവും ഭാവനാപൂര്‍ണവുമായ നവീകരണ പദ്ധതികള്‍ ആവിഷ്കരിച്ച് കരകയറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. തങ്ങളുടെ ജീവിതോപാധിയെന്ന നിലയില്‍ തൊഴിലാളികള്‍ അതിന്റെ കൂടെ നില്ക്കുമെന്നതില്‍ സംശയമില്ല. അങ്ങനെ നില്ക്കാത്തവരുണ്ടെങ്കില്‍ കുറ്റപ്പെടുത്തുകയുമാവാം. അതിനുപകരം തൊഴിലാളികള്‍ കൂടുതലാണ്, തൊഴിലെടുക്കുന്നില്ല, ജോലി ചെയ്യാതെ കൂലി വാങ്ങുന്നു എന്നിങ്ങനെ മുഴുവന്‍ തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സമീപനം ഇപ്പോഴത്തെ മാനേജ്മെന്റില്‍ നിന്നുണ്ടാകുന്നത് ആശാസ്യമല്ല. പൊതുമേഖലയെ സംരക്ഷിക്കുകയും ലാഭകരമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണമാണ് കേരളത്തിലെന്നതുതന്നെ കാരണം. അവരെ വിശ്വാസത്തിലെടുത്തേ കെഎസ്‍ആര്‍ടിസിക്ക് മുന്നോട്ടുപോകാനാകൂ.

You may also like this video;

Exit mobile version