കെടിയു വൈസ് ചാന്‍സലര്‍ വിഷയത്തില്‍ ഹൈക്കോടതി വിധിയില്‍ തടസ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരള സാങ്കേതിക സര്‍വകലാശാല വിസി ആരെന്ന് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ ചാന്‍സലറായ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയത്. കവിയറ്റ് ഹര്‍ജി പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ വാദം കൂടി പരിഗണിച്ചേ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കൂ.
ഹൈക്കോടതി വിധിയില്‍ അപ്പീലിന് ഗവര്‍ണര്‍ നിയമോപദേശം തേടിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ തടസ ഹര്‍ജി. അതേസമയം കെടിയു വിസി നിയമനവുമായി ബന്ധപ്പട്ട ഹൈക്കോടതി വിധിക്കെതിരിരെ അപ്പീലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. താല്‍ക്കാലിക വിസി സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശമില്ല. അതിനാല്‍ അപ്പീലില്‍ കാര്യമില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. വിസി നിയമനത്തിന് സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനലില്‍ കേരളത്തിലെത്തിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് നിർവഹിക്കുന്നില്ലെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. കുറച്ച് ബില്ലുകളിൽ ഒപ്പുവയ്ക്കാനുണ്ട്. ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെതിരായ പരാതികൾ അന്വേഷിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ അല്ലെന്നും ലോകായുക്ത ബില്ലിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
English Summary;KTU VC appointment: Petition in Supreme Court
You may also like this video