Site iconSite icon Janayugom Online

കെടിയു വിസി: ഗവർണർക്ക് തിരിച്ചടി: സെർച്ച് കമ്മിറ്റിയിൽ, ചാൻസലറുടെ പ്രതിനിധി വേണ്ട

എപിജെ അബ്ദുൾകലാം ടെക്നിക്കൽ സർവകലാശാല താല്‍ക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിന്റെ നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.

കെടിയു വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനായിരുന്നു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിന്റെ നിയമനം ശരിവച്ച് ഉത്തരവിട്ടത്. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവിൽ പുതിയ വിസിയെ നിയമിക്കുമ്പോൾ സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി വേണമെന്നും വ്യക്തമാക്കിയിരുന്നു.

സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നതോടൊപ്പം സിംഗിൾ ബെഞ്ചിന്റെ ഈ നിർദേശവും റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഡോ. സിസ തോമസിന് ഉണ്ടെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ ഹർജി നൽകിയത്. രണ്ടോ മൂന്നോ മാസത്തിനകം പുതിയ വൈസ് ചാൻസലറെ നിയമിക്കാനായിരുന്നു കോടതി നിർദേശം.

2018ലെ യുജിസി റെഗുലേഷൻ പ്രകാരം താല്‍ക്കാലിക വിസിമാരെ നിയമിക്കാൻ കഴിയില്ലെന്ന് ഹർജിയിൽ പറയുന്നു. യുജിസി ചട്ടത്തിൽ പ്രത്യേക വ്യവസ്ഥ ഇല്ലാത്തതിനാൽ സാങ്കേതിക സർവകലാശാല നിയമമാണ് നിലനിൽക്കുന്നത്. കേന്ദ്ര നിയമത്തിലില്ലാത്ത ഒരു വ്യവസ്ഥ സംസ്ഥാന നിയമത്തിൽ ഉണ്ടെങ്കിൽ യുജിസി നിയമത്തിന് വിരുദ്ധമാകാത്തപക്ഷം അത് നിലനിൽക്കും. സാങ്കേതിക സർവകലാശാല നിയമത്തിലെ 13(7) അനുസരിച്ചാണ് ചാൻസലർ നിയമനം നടത്തേണ്ടത്. അത് പ്രകാരമാണ് നടത്തിയിട്ടുള്ളത്. വിസി സ്ഥാനത്ത് തുടരാൻ സിസ തോമസിന് യുജിസി നിയമ പ്രകാരം വേണ്ട യോഗ്യതകളില്ല. പത്ത് വർഷം പ്രൊഫസറായി പരിചയം വേണമെന്നാണ് ചട്ടം. സിസ തോമസ് ഒമ്പതര വർഷവും അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ ജോലി ചെയ്തയാളും താരതമ്യേന ജൂനിയറുമാണെന്നും അപ്പീലിൽ പറയുന്നു.

Eng­lish Sum­ma­ry: KTU VC: Gov­er­nor hits back: No chan­cel­lor’s rep­re­sen­ta­tive in search committee

You may also­like this video

Exit mobile version