സംസ്ഥാനത്ത് തുടക്കമിട്ട ‘ഓണക്കനി’ ‘നിറപ്പൊലിമ’ കാർഷിക പദ്ധതികൾ വഴി ഓണക്കാലത്ത് കുടുംബശ്രീ നേടിയത് 10.8 കോടി രൂപയുടെ വിറ്റുവരവ്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 2014 വിപണന മേളകൾ വഴിയാണ് ഈ നേട്ടം. ‘ഓണക്കനി’ പച്ചക്കറി കൃഷി വഴി 7.82 കോടി രൂപയും ‘നിറപ്പൊലിമ’ പൂകൃഷിയിലൂടെ 2.98 കോടി രൂപയുമാണ് കർഷകരുടെ കൈകളിലെത്തിയത്. ഇരുപദ്ധതികളിലൂമായി പ്രവർത്തിക്കുന്ന 25,000 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
‘ഓണക്കനി’ പച്ചക്കറി കൃഷിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 6982.44 ഏക്കറിൽ കൃഷി ചെയ്ത് 1442.75 ടൺ പച്ചക്കറിയാണ് വിപണിയിലെത്തിച്ചത്. പച്ചക്കറി വിറ്റുവരവിൽ 2.27 കോടി രൂപ നേടി തൃശൂരാണ് ഒന്നാമത്. 1.06 കോടി രൂപ നേടി കോട്ടയം രണ്ടാമതും 67.4 ലക്ഷം രൂപ നേടി മലപ്പുറം മൂന്നാമതും എത്തി. ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി പൂവിന്റെ വിറ്റുവരവിലും തൃശൂർ തന്നെയാണ് ഒന്നാമത്. ആകെ 1.17 കോടി രൂപയാണ് തൃശൂര്‍ നേടിയത്. 46.3 ലക്ഷം രൂപ വിറ്റുവരവ് നേടി കാസർകോടും 29.8 ലക്ഷം രൂപ നേടി തിരുവനന്തപുരം ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
പൂകൃഷി മേഖലയിൽ ഈ വർഷം കർഷകരുടെ എണ്ണത്തിലും കൃഷിയിടത്തിന്റെ വിസ്തൃതിയിലും ഉല്പാദനത്തിലും ഗണ്യമായ വർധനവുണ്ടായി. കഴിഞ്ഞ വർഷം 1870 കർഷക സംഘങ്ങൾ വഴി 870 ഏക്കറിലായിരുന്നു പൂകൃഷി ചെയ്തിരുന്നതെങ്കിൽ ഇക്കുറി 1301.53 ഏക്കറിൽ ജമന്തി, മുല്ല, താമര എന്നിവ ഉൾപ്പെടെ കൃഷി ചെയ്തു കൊണ്ട് 376.49 ടൺ പൂക്കളാണ് ഉല്പാദിപ്പിച്ചത്. അയ്യായിരത്തിലേറെ കർഷകരും ഇതിൽ പങ്കാളികളായി. ഓണസദ്യയൊരുക്കാൻ ന്യായവിലയ്ക്ക് കുടുംബശ്രീ വിപണിയിലെത്തിച്ച പച്ചക്കറികളും പഴങ്ങളും സാധാരണക്കാർക്ക് വലിയ തോതിൽ ആശ്വാസമായിരുന്നു. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കിയതിനൊപ്പം മികച്ച സംഘാടനവും ഏകോപനവും സംരംഭകരുടെയും കർഷകരുടെയും പങ്കാളിത്തവുമാണ് കുടുംബശ്രീ ഓണം വിപണന മേളയുടെ വിജയത്തിന് വഴിയൊരുക്കിയത്.
‘ഓണക്കനി’ പച്ചക്കറി കൃഷി വഴി 7.82 കോടി രൂപ വിറ്റുവരവ്
‘നിറപ്പൊലിമ’ പൂകൃഷിയിലൂടെ നേടിയത് 2.98 കോടി രൂപ