ദേശീയതലത്തില്‍ ഏറ്റവും മികച്ച പഠനമാതൃകയാണ് കുടുംബശ്രീയെന്ന് മന്ത്രി എം ബി രാജേഷ്. വനിതകളുടെ സാമൂഹിക‑സാമ്പത്തിക‑രാഷ്ട്രീയ‑സാംസ്‌കാരിക ശാക്തീകരണത്തിന് കുടുംബശ്രീ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 617 സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന മികവില്‍ ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കൊല്ലം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ സമ്പൂര്‍ണ ഐഎസ്ഒ പ്രഖ്യാപനവും സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംരംഭകത്വം വളര്‍ത്തല്‍, അതിന് പ്രോത്സാഹനം നല്‍കല്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീകള്‍ക്ക് വേതനാധിഷ്ഠിത തൊഴിലും നല്‍കുന്നതിനാണ് കുടുംബശ്രീ ഇനി ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനു വേണ്ടിയാണിത്. നിലവിലെ 20 ശതമാനം 50 ശതമാനമാക്കി ഉയര്‍ത്തും. ഇത് കുടുംബത്തിന്റെയും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇതു വരെ 1,21,000 ത്തില്‍ അധികം തൊഴിലുകള്‍ കണ്ടെത്തി. ഇതില്‍ 43000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി കഴിഞ്ഞു. പുതിയ മേഖലകളിലേക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളിലടക്കം നൂതനമായ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. 184 ടെക്‌നോളജികള്‍ ഉപയോഗിച്ച് കാര്‍ഷികമേഖലയ്ക്ക് കുതിപ്പ് നല്‍കാന്‍ കെ-ടാപ് പദ്ധതി ആരംഭിച്ചു. ഓണക്കാലത്ത് പൂവും പച്ചക്കറിയും വിപണനം ചെയ്ത് 44 കോടിയിലേറെ രൂപയാണ് വിറ്റുവരവ് നേടിയത്. കേരള ചിക്കന്‍ പദ്ധതി വഴി 400 കോടിയിലേറെ വിറ്റുവരവും നേടിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആദ്യമായി ഐഎസ്ഒ അംഗീകാരം നേടിയ സിഡിഎസുകള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.
എം നൗഷാദ് എംഎല്‍എ അധ്യക്ഷനായിരുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്, കില ഡയറക്ടര്‍ ജനറല്‍ എ നിസാമുദീന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ജയദേവി മോഹന്‍, ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു.

