Site iconSite icon Janayugom Online

അമിത് ഷായുടെ ആഹ്വാനം തള്ളി കുക്കി സംഘടനകള്‍

പ്രത്യേക സ്വയംഭരണ മേഖലയെന്ന കുക്കി-സോ സമൂഹത്തിന്റെ ആവശ്യം നടപ്പിലാകുന്നതുവരെ തങ്ങളുടെ പ്രദേശങ്ങളിൽ സ്വതന്ത്രമായ സഞ്ചാരം അനുവദിക്കില്ലെന്ന് ആദിവാസി സംഘടനകള്‍. കുക്കി-സോ ഓർഗനൈസേഷൻ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി (സിഒടിയു)ആണ് ഇക്കാര്യം അറിയിച്ചത്. 

ഈ മാസം എട്ടുമുതല്‍ മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക ഭരണ മേഖല എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ കുക്കി-സോ ഗോത്രക്കാർ പോരാട്ടം തുടരുമെന്ന് സിഒടിയു അറിയിച്ചു. വ്യക്തിപരമായ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതോ സർക്കാരുമായി സഖ്യത്തിലേർപ്പെടുന്നതോ ആയ ഏതൊരു വ്യക്തിയെയും രാജ്യദ്രോഹിയായി കണക്കാക്കും. കുക്കി-സോ രാഷ്ട്രീയ പ്രശ്നം പരിഹരിക്കാതെ സമാധാനം നടപ്പിലാക്കാനാകില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. 

ഈമാസം ഒന്നിന് ന്യൂഡൽഹിയിൽ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ, തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അമിത് ഷാ നിർദേശിച്ചിരുന്നു.
2023 മേയ് മൂന്നിനാണ് മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. 

Exit mobile version