നാവിൽ കൊതിയൂറുന്ന, ഉപ്പിലിട്ട വിഭവങ്ങളുമായി താഴത്തങ്ങാടി സ്വദേശികളായ ദമ്പതികൾ. എരിവും പുളിയും ഉപ്പും മധുരവുമെല്ലാം ചില്ല് ഭരണികളിലാക്കിയത് സഞ്ചാരികളെയും മാടിവിളിക്കുന്നു. കോട്ടയം കുമരകം റൂട്ടിൽ ആലൂമ്മൂട് ജംഗ്ഷനിലാണ് പുത്തൻമാടപ്പാട്ട് ബിനിയും ഭാര്യ സോമജയും ഉപ്പിലിട്ട വിഭവങ്ങളുമായി വഴിയോര കച്ചവടം നടത്തുന്നത്. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും മാത്രമല്ല, പത്തോളം വ്യത്യസ്ത ഇനം ഉപ്പിലിട്ട വിഭവങ്ങളും തനിനാടൻ അച്ചാറുകളുമാണ് ഇവിടുത്തെ പ്രത്യേകത.വാഴപ്പിണ്ടി ഉപ്പിലിട്ടതാണ് ഇവിടുത്തെ സവിശേഷമായ വിഭവം. ഇതിനൊപ്പം മാങ്ങ, പൈനാപ്പിൾ, ജാതിക്ക, പപ്പായ, കാരറ്റ്, വാഴപ്പിണ്ടി, മത്തങ്ങ, നെല്ലിക്ക, ചാമ്പങ്ങ, കണ്ണിമാങ്ങ തുടങ്ങി നിരവധി പുതുരുചികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. കൂടാതെ, മൺപാത്രത്തിലെ സംഭാരവും, വ്യത്യസ്ത തരം ഹോംമെയ്ഡ് അച്ചാറുകളുമാണ് മറ്റൊരു പ്രത്യേകത.
20 രൂപയാണ് ഉപ്പിലിട്ട വിഭവങ്ങൾക്ക്. ഒരു ബോട്ടിലിന് 70 രൂപയാണ്. അച്ചാറിന് 100 രൂപയാണ്.
ഒരു വർഷം മുൻപാണ് ബിനിയും ഭാര്യയും വഴിയോരക്കച്ചവടം ആരംഭിച്ചത്. ക്വയർ മാറ്റ് എന്ന സ്ഥാപനം ആലൂമ്മൂട്ടിൽ നടത്തിവരികയായിരുന്നു ബിനി. കൊവിഡിനെ തുടർന്ന് കച്ചവടം ഇല്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായി. ഈ സമയത്താണ് സമീപത്ത് തണ്ണിമത്തങ്ങ വിൽക്കുന്നതിനായി ലോഡ് എത്തിയത്. സമീപത്ത് താമസിക്കുന്ന ഗിരീഷ് എന്നയാൾ ബിനിയോട് ഇളനീർ വ്യാപാരം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. തുടർന്ന്, തണ്ണിമത്തൻ ജ്യൂസും നാരങ്ങവെള്ളവുമായി ചെറിയ കച്ചവടം ആരംഭിച്ചു. പഴങ്ങളും പച്ചക്കറികളും ഉപ്പിലിട്ടും കൊണ്ടാട്ടമാക്കിയും പരീക്ഷിക്കുന്ന ശീലം ബിനിക്കുണ്ടായിരുന്നു. നാരങ്ങവെള്ളത്തിനൊപ്പം കടയിൽ ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും കൊണ്ടുവന്നു. യാത്രക്കാർ ഇത് രുചിച്ച് ഇഷ്ടപ്പെട്ടതോടെ, കൂടുതൽ ഉപ്പിലിട്ട വിഭവങ്ങൾ ബിനി തയ്യാറാക്കി. ബിനിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞ് നിരവധി ആവശ്യക്കാരും എത്തിതുടങ്ങി. മൺപാത്രത്തിലെ സംഭാരവും, അച്ചാറുകൾ കൂടി വിൽപനയ്ക്ക് വെച്ചതോടെ കച്ചവടവും പൊടിപൊടിച്ചു.
മുളക്, മാങ്ങ, ഉണക്കിയ മാങ്ങ, മീൻ, വെളുത്തുള്ളി, പപ്പായ, ബീറ്റ് റൂട്ട്, കോവക്ക, കാരറ്റ്, മത്തങ്ങ, പാവക്ക തുടങ്ങി 32 ഓളം അച്ചാറുകളും ഇവിടെ ലഭ്യമാണ്. ഇവയെല്ലാം ബിനിയും ഭാര്യയും ചേർന്ന് വീട്ടിൽ തന്നെ നിർമ്മിച്ചവയാണ്. അതിനാൽ, ഉണ്ടാക്കുന്നതെല്ലാം മൂന്നു ദിവസത്തിനകം വിറ്റുതീരും. രുചിയറിഞ്ഞ് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് എത്തുന്നത്. സംഭാരം കുടിയ്ക്കുന്നതിനും വാഴപ്പിണ്ടി ഉപ്പിലിട്ടതുമാണ് ആളുകളുടെ പ്രിയവിഭവമെന്ന് ഇവർ പറയുന്നു. കൃഷ്ണജ, കൃഷ്ണജിത്ത് എന്നിവരാണ് മക്കൾ.
English Summary: Pickles in Kottayam
You may like this video also