Site iconSite icon Janayugom Online

ഹരിപ്പാട് റെയിൽവേ പ്ലാറ്റ്ഫോമിൽ കുറ്റിക്കാട്: യാത്രക്കാർ ദുരിതത്തിൽ

തീരദേശ പാതയിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ ഒന്നാണ് ഹരിപ്പാട് . എന്നാൽ യാത്രക്കാരുടെ സൗകര്യങ്ങൾ താരതമ്യേന ഇവിടെ വളരെ കുറവാണ്. ഇതിന് ഒരു ഉദാഹരണമാണ് കാട് കയറിക്കിടക്കുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോം. പ്ലാറ്റ്ഫോമിന്റെ പല ഭാഗത്തും പുല്ലുകൾ വളർന്നു കുറ്റിക്കാട് പോലെ ആയിട്ടുണ്ട്. ചിലയിടങ്ങളിൽ രണ്ടടിക്ക് മുകളിൽ ഉയരവുമായി പുല്ലു വളർന്നു കഴിഞ്ഞു. തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ഈ പ്ലാറ്റ്ഫോമിലാണ് എത്തുന്നത്.

ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദിവസേനയുള്ള ദീർഘദൂര ട്രെയിനുകളിൽ ഈ പ്ലാറ്റ്ഫോമിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ അവസ്ഥയാണ് ഏറെ ദയനീയം. ട്രെയിൻ നിർത്തുമ്പോൾ വാതിൽ ഇത്തരത്തിൽ പുല്ല് വളർന്നുനിൽക്കുന്ന ഭാഗത്താണെങ്കിൽ പെട്ടികളും മറ്റും ഇറക്കുന്നതിന് നന്നേ കഷ്ടപ്പാട് സഹിക്കണം. രാത്രിയിലും പുലർച്ചയും എത്തുന്ന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ട് തന്നെ. ഇഴജന്തുക്കളും മറ്റും ഇതിൽ കിടന്നാൽ അറിയുകപോലുമില്ല.

അങ്ങനെ പല രീതിയിലും അപകടം വിളിച്ചു വരുത്തുന്നതാണ് പ്ലാറ്റ്ഫോമിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെയും അവസ്ഥ അല്പം കൂടി മെച്ചമാണ് എന്നേയുള്ളൂ എങ്കിലും മാലിന്യങ്ങളും, ചപ്പുചവറുകളും തെരുവുനായ്ക്കളും പ്ലാറ്റ്ഫോമിലെ സ്ഥിരം കാഴ്ചയാണ്. ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ എത്തുന്നത്.

Exit mobile version