സ്വപ്ന നഗരിയിലേക്ക് ലോകം ഒരുമിക്കുന്നു. അവസാനിക്കാത്ത പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ദീപശിഖയ്ക്ക് ഇന്ന് തിരിതെളിയും. പാരിസ് ഇനി ഒരു സ്റ്റേഡിയം മാത്രമായി ചുരുങ്ങും. ലോകാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറും ഫ്രഞ്ച് സാംസ്കാരിക ചിഹ്നങ്ങളായ ഗ്രാൻഡ് പാലയ്സ്, ഇൻവാലിഡ്സ്, പ്ലേസ് ഡി ലാ കോൺകോർഡ് എന്നിവയുയെല്ലാം കായികാരവങ്ങള്‍ക്കും ആഘോഷ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷികളാകും. ഓരോ ദിവസവും പുതിയ വീരേതിഹാസങ്ങള്‍ രചിക്കപ്പെടും. വിജയപീഠങ്ങളിലേക്ക് പുതിയ താരങ്ങള്‍ ഉയര്‍ത്തപ്പെടും. സെൻ നദിയിൽ ബോട്ടുകളുടെ പരേഡിനൊപ്പം ഒളിമ്പിക് ഓളങ്ങള്‍ ലോകമാകെ അലയടിച്ച് തുടങ്ങും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 മണിമുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം രാത്രി 7.30ന് നൂറിലധികം ബോട്ടുകളിലായി മാര്‍ച്ച് പാസ്റ്റ് ആരംഭിക്കും. ബോട്ടുകൾ പാരിസിന്റെ മധ്യത്തിലൂടെ ഏകദേശം നാല് മൈലുകൾ സഞ്ചരിച്ചായിരിക്കും മാര്‍ച്ച് പാസ്റ്റ്. നൃത്തവും ദൃശ്യാവിഷ്കാരങ്ങളുമായി മൂവായിരത്തിലധികം കലാകാരന്മാര്‍ മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്ഘാടന ചടങ്ങിനെ വര്‍ണാഭമാക്കും.
English Summary: La Paris; Olympics start today
You may also like this video