Site icon Janayugom Online

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ കണക്കെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയുടെ കണക്കെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ സംഘടനകള്‍ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട സര്‍വേകള്‍ നടത്തരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന സര്‍വേ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. തൊഴിലില്ലായ്മ സംബന്ധിച്ച വാര്‍ത്തകളുടെ നിഷേധം എന്നപേരിലാണ് വാര്‍ത്താക്കുറിപ്പ്. തൊഴിലില്ലായ്മ ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നുവെന്നായിരുന്നു സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ റിപ്പോര്‍ട്ട്. നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമായിരുന്നുവെന്നും സിഎംഐഇ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി സ്വകാര്യ സംഘടനകള്‍ അവരുടെ രീതിക്കനുസരിച്ചാണ് ഇത്തരം സര്‍വേകള്‍ നടത്തുന്നതെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു.

ഇത് ശാസ്ത്രീയമോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ അല്ല. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പദ്ധതി നിര്‍വഹണ മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന ആനുകാലിക തൊഴില്‍ ശക്തി സര്‍വേ മാത്രമാണ് ഔദ്യോഗികമായിട്ടുള്ളതെന്നും കുറിപ്പില്‍ പറയുന്നു. സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന വസ്തുത തുറന്നുകാട്ടപ്പെടുമെന്നതിനാലാണ് സ്വകാര്യ സര്‍വേകള്‍ പാടില്ലെന്ന നിര്‍ദേശം. ഇന്ത്യയിലെ തൊഴില്‍ വിപണി കോവിഡ് ആഘാതത്തെ മറികടക്കുക മാത്രമല്ല, കോവിഡിന് മുമ്പുള്ള കാലത്തേതിനെക്കാള്‍ മുന്നേറിയിരിക്കുന്നുവെന്ന അവകാശവാദവും തൊഴില്‍ മന്ത്രാലയം ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന തൊഴില്‍ ശക്തി സര്‍വേ റിപ്പോര്‍ട്ട് 2022 സെപ്റ്റംബര്‍ വരെയുള്ളതാണെന്നും അതനുസരിച്ച് തൊഴിലില്ലായ്മാ നിരക്ക് 7.2 ശതമാനമാണെന്നും കുറിപ്പിലുണ്ട്. അതേസമയം തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമാണെന്ന് സിഎംഐഇ കണക്കാക്കിയത് 2022 ഡിസംബര്‍ മാസത്തെ അടിസ്ഥാനമാക്കിയാണ്.

സിഎംഐഇ റിപ്പോര്‍ട്ടു പ്രകാരം സെപ്റ്റംബറിലെ തൊഴിലില്ലായ്മാ നിരക്ക് സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് കുറവായിരുന്നുവെന്നതും ശ്രദ്ധേയമാണ്. തൊഴില്‍ ശക്തി സര്‍വേ അനുസരിച്ച് സെപ്റ്റംബറില്‍ 7.2 ശതമാനമായിരുന്നുവെങ്കില്‍ സിഎംഐഇയുടേത് 6.3 ശതമാനം മാത്രമായിരുന്നു. 2018 മാര്‍ച്ചിന് ലേബർ ബ്യൂറോയുടെ ത്രൈമാസ സംരംഭങ്ങളുടെ സർവേകൾ കേന്ദ്രം അവസാനിപ്പിച്ചിരുന്നു. വാർഷിക തൊഴിൽ‑തൊഴിലില്ലായ്മ സർവേയും 2017ൽ ഒഴിവാക്കിയിരുന്നു. 1.78 ലക്ഷം കുടുംബങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് സിഎംഐഇ തൊഴിലില്ലായ്മ നിരക്ക് കണക്കാക്കുന്നത്. അതുപ്രകാരമാണ് രാജ്യത്തെ തൊഴിലില്ലായ്മ 8.3 ശതമാനമെന്ന് സിഎംഐഇ കണക്കാക്കിയത്. അതേസമയം സിഎംഐഇയുടെ റിപ്പോര്‍ട്ടുകളെ ആധികാരികമായി ബിജെപിയും കേന്ദ്ര സര്‍ക്കാരും കൊണ്ടാടിയ സന്ദര്‍ഭങ്ങളും ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്.

Eng­lish Sum­ma­ry: Labour Min­istry cau­tions against ‘pri­vate’ sur­veys on unemployment
You may also like this video

Exit mobile version