Site iconSite icon Janayugom Online

ലക്ഷദ്വീപ് ഇനി ഗുജറാത്തി ദ്വീപ്; 4300 ജീവനക്കാരെ പിരിച്ചുവിട്ടു

പട്ടിണിക്കൂലിക്ക് പണിയെടുത്തുവന്ന ലക്ഷദ്വീപിലെ 4300ല്‍പ്പരം സ്ഥിരം, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം പുകയുന്നു. 63,000 മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ നടന്ന ഈ കൂട്ട പിരിച്ചുവിടലിലൂടെ സാധാരണക്കാരായ ദ്വീപു നിവാസികളുടെ കുടുംബങ്ങളില്‍ ഇരുള്‍ പടരുന്നു. ഫിഷറീസ്, വനം, ടൂറിസം, തീരസംരക്ഷണം എന്നീ മേഖലകളില്‍ പണിയെടുത്തിരുന്നവരാണ് പിരിച്ചുവിടപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും. ഭരണകൂടത്തിന്റെ വ്യാഖ്യാനം സര്‍വീസ് മേഖലകള്‍ അഴിച്ചുപണിയുന്നതിന്റെ ഭാഗമാണിതെന്നാണ്. എന്നാല്‍ പിരിച്ചുവിട്ടവര്‍ക്കു പകരം നിയമനങ്ങള്‍ നടത്താനുള്ള യാതൊരു നീക്കവും ആരംഭിച്ചിട്ടുമില്ല. പ്രതിമാസം വെറും 5,000 രൂപയ്ക്ക് താഴെ മാത്രം വേതനമുള്ള സ്ഥിരം ജീവനക്കാര്‍, 2,600രൂപ ശമ്പളമുള്ള താല്‍ക്കാലിക ജീവനക്കാര്‍, 2,300 രൂപ വരെ വേതനമുള്ള കരാര്‍ ജീവനക്കാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. 

ദ്വീപിലെ കേന്ദ്ര ഭരണകൂടത്തിന്റെ ഒരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൂട്ട പിരിച്ചുവിടല്‍. പിരിച്ചുവിടുന്നവര്‍ക്കു പകരം ഗുജറാത്തില്‍ നിന്നും ജീവനക്കാരെ ഇറക്കുമതി ചെയ്ത് കൂട്ടത്തോടെ കുടിയിരുത്താനുള്ള നീക്കവും അണിയറയില്‍ ആരംഭിക്കും. ഗുജറാത്തികള്‍ക്ക് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വേതനം നല്കാനും പദ്ധതിയുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. മത്സ്യബന്ധനം മാത്രം മുഖ്യ ഉപജീവനമാര്‍ഗമായ ദ്വീപു നിവാസികളുടെ ഈ കുഞ്ഞന്‍ സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലാളികളുടെ വേതനമായി ലഭിച്ചിരുന്ന രണ്ടു കോടിയിലധികം രൂപയുടെ പ്രതിമാസ വേതനം ചില്ലറ ആശ്വാസമായിരുന്നില്ല പകര്‍ന്നിരുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ ഈ കൂട്ട പിരിച്ചുവിടല്‍ ദ്വീപ് സമ്പദ്‌വ്യവസ്ഥയില്‍ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂലിപ്പണിപോലും കിട്ടാതെ നട്ടംതിരിയുന്ന യുവാക്കളെ ദ്വീപസമൂഹങ്ങളിലെങ്ങും കാണാമെന്നാണ് സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സി ടി നജുമുദീന്‍ ‘ജനയുഗ’ത്തോട് പറഞ്ഞത്. പലരുടെയും കൂരപ്പണികള്‍ നിലച്ചു. സുഹൃത്തുക്കളുമൊത്ത് ചായകുടിക്കാന്‍ പോകുന്നവര്‍ തന്നെ വിരളമായി. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ സംഖ്യ വല്ലാതെ ചുരുങ്ങിയതോടെ ചെറിയ കച്ചവട സ്ഥാപനങ്ങള്‍ക്കു പോലും താഴുവീണുകഴിഞ്ഞു. വാഹന റിപ്പയറിങ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ഇതെല്ലാം കണ്ടിട്ടും രാഷ്ട്രീയ നേതൃത്വം പാലിക്കുന്ന നിസംഗത വേദനാജനകവും ആശങ്കാജനകവുമാണെന്ന് നജുമുദീന്‍ പറയുന്നു. 

ലക്ഷദ്വീപ് എന്ന സ്വപ്ന ദ്വീപിനെ ഗുജറാത്തിന്റെ ഭാഗം പോലെയാക്കാനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി എന്നാണ് ഇതിനകമുള്ള സംഭവശ്രേണികള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രന്‍ ജയ് ഷാ ഒരു നക്ഷത്ര ഹോട്ടല്‍ ആരംഭിച്ചതോടെ ലക്ഷദ്വീപിന്റെ ഗുജറാത്തിവല്‍ക്കരണത്തിനും നാന്ദികുറിച്ചു. ടാറ്റയും അംബാനിയും ഹോട്ടല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വന്‍തോതില്‍ ഭൂമി വിലയ്ക്കെടുത്തുകഴിഞ്ഞു. ടൂറിസം കോര്‍പറേറ്റ് ഭീമനായ ഗുജറാത്തിലെ ആവേഗ് ലിമിറ്റഡിനുവേണ്ടി ദ്വീപു നിവാസികളുടെ ഭൂമി പിടിച്ചെടുത്ത് നക്ഷത്രകൂടാര നഗരങ്ങള്‍ സ്ഥാപിക്കുന്ന പണിയും അതിവേഗം നടന്നുവരുന്നു.
ഈ വമ്പന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കൂലിപ്പണിപോലും ദ്വീപ് നിവാസികള്‍ക്ക് നല്കാതെ ബംഗാളി, ബിഹാറി തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നു. മേല്‍നോട്ട ജോലികള്‍ ഗുജറാത്തികള്‍ക്ക് സംവരണം ചെയ്തതുപോലെയാണ്. ഗുജറാത്തിവല്‍ക്കരണംമൂലം ദ്വീപു നിവാസികള്‍ നേരിടുന്ന അപരവല്‍ക്കരണം പ്രധാനമന്ത്രി മോഡി നടത്തിയ ദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെയുണ്ടായതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ രംഗങ്ങളിലെ കോര്‍പറേറ്റ് അധിനിവേശം ദ്വീപു നിവാസികളുടെ ജീവിത സാഹചര്യങ്ങളെ മാത്രമല്ല 96 ശതമാനം വരുന്ന മുസ്ലിം ജനതയുടെ സാംസ്കാരികത്തനിമ കൂടി തകര്‍ക്കാനുദ്ദേശിച്ചുള്ളതാണെന്ന ആരോപണവും കനക്കുന്നു.
ടൂറിസം രംഗത്തെ കോര്‍പറേറ്റുവല്‍ക്കരണത്തോടെ ശാന്തമായ ദ്വീപില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ അരുതായ്മകള്‍ കൂടി പകര്‍ന്നാട്ടം നടത്തുമെന്ന വിഹ്വലതയും ദ്വീപുജനതയ്ക്കുണ്ട്. 

Eng­lish Summary:Lakshadweep is now a Gujarati island; 4300 employ­ees were laid off
You may also like this video

Exit mobile version