ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാംഘട്ട ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ സൂരജ് ഷാജിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അതിദരിദ്ര വിഭാഗത്തിൽ ഭൂമിയും വീടും വേണ്ടവർക്കാണ് പ്രഥമ പരിഗണന. ഭൂമി വാങ്ങാൻ ഒരു കുടുംബത്തിന് 2.5 ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എല്ലാ ജില്ലകളിലേയും അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് ഈ പദ്ധതിയുടെ ഭാഗമായി ഭൂമി ലഭ്യമാക്കും. ഭൂമി ലഭ്യമായാലുടൻ ലൈഫ് മിഷൻ മുഖേന അടച്ചുറപ്പുള്ള വീടുകൾ ഒരുക്കും.
ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ ആദ്യ ഭാഗമായി എറണാകുളം, ആലപ്പുഴ, കാസര്‍കോട് എന്നീ ജില്ലകളിലെ 1000 ഭൂരഹിതർക്ക് ഭൂമി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. 25 കോടി രൂപയാണ് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഇതിനായി ചെലവഴിച്ചത്. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ എസ് എം വിനോദ്, അസിസ്റ്റന്റ് മാനേജർ ടാനിയ ചെറിയാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി 2017 മുതൽ 2024 നവംബർ 30വരെ 5,30,904 ഗുണഭോക്താക്കൾക്കാണ് വീട് അനുവദിച്ചത്. ഇതിൽ 4,23,554 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 1,07,350 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.