Site icon Janayugom Online

സര്‍ക്കാരിന്റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ഭൂമി വില്പനയ്ക്ക്

land for sale

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 3400 ഏക്കറോളം വരുന്ന ഭൂമിയും അതിലെ കെട്ടിടങ്ങളും കേന്ദ്ര സര്‍ക്കാര്‍ വില്പനയ്ക്കു വച്ചു. ഇതിനായി ദേശീയ ലാന്‍ഡ് മോണെറ്റൈസേഷന്‍ കോര്‍പറേഷന്‍ (എന്‍എല്‍എംസി) രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഭാരത് പെട്രോളിയം, എച്ച്എംടി തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം ആസ്തികള്‍ പണമാക്കി മാറ്റും.

ഭൂമിയിലൂടെ ധനസമ്പാദനം ലക്ഷ്യമാക്കിയാണ് പ്രത്യേക ഉദ്ദേശ്യ സംവിധാനമായി എന്‍എല്‍എംസി രൂപീകരിക്കുന്നത്. പൂര്‍ണ്ണമായും കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ 5000 കോടി രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനവും 150 രൂപ അടച്ച ഓഹരി മൂലധനവുമുള്ള ഒരു കമ്പനിയായാണ് നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിതമാകുക.

ധനമന്ത്രാലയത്തിനു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസിനാണ് കമ്പനിയുടെ ഭരണ ചുമതല. മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വിദഗ്ധരും ഉള്‍പ്പെടുന്നതാണ് എന്‍എല്‍എംസി ഡയറക്ടര്‍ ബോര്‍ഡ്. ആസ്തി ധനസമ്പാദനത്തിന് ആവശ്യമായ പ്രത്യേക വൈദഗ്ധ്യവും പ്രാഗല്‍ഭ്യവും കണക്കിലെടുത്ത് സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകളെയും പുതിയ കമ്പനിയില്‍ നിയമിക്കും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും അധികഭൂമിയും കെട്ടിട ആസ്തികളും വിറ്റഴിക്കല്‍ ചുമതല എന്‍എല്‍എംസിക്കായിരിക്കും. 2021–22 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഉപയോഗിക്കാതെ കുടക്കുന്ന ആസ്തികള്‍ മുഴുവന്‍ വിറ്റഴിച്ച് വരുമാനം നേടാനാണ് സര്‍ക്കാര്‍ ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പൊതുമേഖലയെ ഒറ്റയടിക്കും മുറിച്ചും വില്‍ക്കാനുള്ള നടപടികള്‍ക്കാണ് പുതിയ നീക്കം ലക്ഷ്യമിട്ടിരിക്കുന്നത്. പൊതു മേഖലയിലെ ആസ്തികള്‍ ഏറ്റെടുക്കാനും കൈവശം വയ്ക്കാനും വില്‍ക്കാനും എന്‍എല്‍എംസിക്ക് അധികാരമുണ്ട്. ഉപയോഗം കുറവുള്ള പൊതുമേഖലാ ആസ്തികള്‍ ഏതൊക്കെയെന്ന് നിശ്ചയിക്കാനുള്ള ചുമതലയും പുതിയ കമ്പനിക്കായിരിക്കും.

Eng­lish Sum­ma­ry: Land for sale by Gov­ern­ment and Pub­lic Sec­tor Undertakings

You may like this video also

Exit mobile version