Site icon Janayugom Online

ഡിജിറ്റല്‍ റീ സര്‍വെയില്‍ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണം അടിസ്ഥാന രഹിതം: മന്ത്രി കെ രാജന്‍

ഡിജിറ്റല്‍ റീ സര്‍വെ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ പ്രശ്നങ്ങള്‍ സുതാര്യമായും വേഗത്തിലും പരിഹരിക്കാനുള്ള ഇടപ്പെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂമിക്ക് കൃത്യമായ രേഖകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീ സര്‍വെക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ജില്ലയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധേയമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭൂവിഷയങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പട്ടയമിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികള്‍ ആരംഭിച്ചു കഴിഞ്ഞു. പട്ടയ അസംബ്ലികളിലൂടെ ലഭ്യമാകുന്ന പ്രശ്നങ്ങള്‍ പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. അഞ്ചു തലങ്ങളിലായി രൂപീകരിക്കപ്പെടുന്ന ദൗത്യസംഘങ്ങളുടെ സഹായത്തോടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ജില്ലയിലെ 11 വില്ലേജ് ഓഫീസുകളാണ് ഇതോടെ സ്മാര്‍ട്ടായത്. ഉടുമ്പന്‍ചോല താലൂക്കില്‍ ചതുരംഗപ്പാറ, കല്‍ക്കുന്തല്‍, പാറത്തോട്, കരുണാപുരം, ശാന്തന്‍പാറ, ഉടുമ്പന്‍ചോല എന്നീ വില്ലേജ് ഓഫീസുകളും ദേവികുളം താലൂക്കില്‍ മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസുകളും, പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജ് ഓഫീസുമാണ് നാടിന് സമര്‍പ്പിച്ചത്.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ 68 വില്ലേജ് ഓഫീസുകളില്‍ 30 വില്ലേജുകള്‍ ഇതോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി. ആറെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് കൂടി അനുമതിയായിട്ടുണ്ട്. 

രേഖകള്‍ ഇല്ലാത്ത ഭൂമിയുടെ കൈവശക്കാരന്റെ പേരും ഉള്‍പ്പെടുത്തും: റവന്യൂ മന്ത്രി

ഇടുക്കി: ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആര്‍ക്കും യാതൊരു രേഖകളുമില്ലായെങ്കിലും കൈവശം വച്ചിരിക്കുന്ന ഭൂമി നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്ന രീതിയില്‍ ഉത്തരവില്‍ വ്യക്തത വരുത്തി റവന്യൂ വകുപ്പ്. വാത്തിക്കുടി ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ എല്ലാ വില്ലേജുകളിലും കൈവശക്കാരന്റെ പേര് രേഖപ്പെടുത്തുന്നതിന് തീരുമാനമായതായി റവന്യൂ മന്ത്രി അറിയിച്ചു.
ഡിജിറ്റല്‍ റീസര്‍വെയുമായി ബന്ധപ്പട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെയും എം എം മണി എംഎല്‍എയുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ മന്ത്രി നേരിട്ട് യോഗം വിളിച്ചു ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശം നല്‍കിയത്.
വാത്തിക്കുടി വില്ലേജില്‍ ഡിജിറ്റല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രേഖകള്‍ ഇല്ലാത്ത ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച് പ്രശ്നം ഉയര്‍ന്നു വന്നത്. ജൂലൈയില്‍ ഡിജിറ്റല്‍ സര്‍വേ റെക്കോര്‍ഡുകള്‍ തയ്യാറാക്കുമ്പോള്‍ രേഖകള്‍ ഇല്ലാതെ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ റെക്കോഡുകളില്‍ സര്‍ക്കാരിന്റെ പേര് രേഖപ്പെടുത്തണമെന്നായിരുന്നു സര്‍വേ ഡയറക്ടര്‍ നല്‍കിയിരുന്ന നിര്‍ദേശം. കൈവശം വച്ചിരിക്കുന്നയാളുടെ വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതില്ലെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എല്‍ഡിഎഫ് സംഘം മന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചത്.
വ്യക്തത വരുത്തി ഉത്തരവ് പ്രകാരം ലാന്‍ജ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഭൂ രേഖകളില്‍ കൈവശക്കാരന്റേ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകളിലും രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാത്തിക്കുടി വില്ലേജില്‍ ഉള്‍പ്പെടെ കൈവശ ഭൂമി നഷ്ടപ്പെടുമെന്ന കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ജനങ്ങള്‍ക്കിടിയിലുണ്ടായ ആശങ്കകള്‍ മനസിലാക്കി കഴിഞ്ഞ ബുധനാഴ്ച റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്നം വിശദമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് നിലവിലുള്ള ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മന്ത്രി സര്‍വ്വെ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry: Land loss cam­paign in dig­i­tal resur­vey base­less: Min­is­ter K Rajan

You may also like this video

Exit mobile version