Site iconSite icon Janayugom Online

ഭൂമിയുടെ രേഖകൾ ഇനി അവകാശികളെ തേടിയെത്തും: മന്ത്രി കെ രാജൻ

അർഹമായതും കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയുടെ രേഖകൾ അവകാശികളെ തേടിയെത്തുന്ന വിധത്തിലേക്ക് റവന്യു വകുപ്പിന്റെ സേവനങ്ങളെ വിപുലീകരിക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മീനങ്ങാടിയിൽ പട്ടയമേളകളുടെയും നവീകരിച്ച വില്ലേജ് ഓഫീസുകളുടെയും താലൂക്ക് അടിയന്തര ദുരന്ത നിവാരണ കേന്ദ്രങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമായ ഇടുക്കി, വയനാട് ജില്ലകളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണും. ഇതിനായി ജൂണിൽ സർവകക്ഷി യോഗം ചേരും. അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്നതിനൊപ്പം അർഹരമായ മുഴുവൻ പേർക്കും ഭൂമിയും ഇതിനെല്ലാം സമയബന്ധിതമായി രേഖയും നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഭൂമി കൈവശമുണ്ടായിട്ടും കാലങ്ങളായി അവകാശ രേഖ കിട്ടാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ നരകിച്ചിരുന്നു. 

രേഖയില്ലാത്തതിനാൽ ലൈഫ് മിഷനിൽ പോലും വീട് ലഭിച്ചിരുന്നില്ല. ഇതിനെല്ലാമുള്ള പരിഹാരമായാണ് വസ്തുകൾ പരിശോധിച്ച് വയനാട്ടിൽ 525 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാക്കിയത്. വനാവകാശ നിയമ പ്രകാരമുള്ള അവകാശ രേഖയും ഇതോടൊപ്പമുണ്ട്. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നതാണ് സർക്കാരിന്റെ നയം. അർഹരായവർക്കെല്ലാം പട്ടയം നൽകാനുള്ള നടപടികൾ ഇനിയും ത്വരിതപ്പെടുത്തും. കൂട്ടായ പരിശ്രമത്തിലൂടെ ഏറെക്കാലമായി നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അഡ്വ ടി സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്ടർ എ ഗീത, ഭക്ഷ്യകമ്മിഷൻ അംഗം എം വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Summary:Land records will now be sought by heirs: Min­is­ter K Rajan
You may also like this video

Exit mobile version