താമരശ്ശേരിയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നുണ്ടായ ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടരുന്നു. മണ്ണിടിച്ചിലിൽ പാറയും മണ്ണും മരവും മറ്റും റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഉച്ചയോടെ ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ചുരം തുറന്നു കൊടുക്കൂ.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അപകടമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു താമരശ്ശേരിയിലെ ഒൻപതാം വളവ് വ്യൂപോയിൻറിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് പാറക്കൂട്ടങ്ങളും മണ്ണും മരവും മറ്റും വീണ് ഗതാഗതം തടസ്സപ്പെട്ടത്. ചുരം ഗതാഗത യോഗ്യമാകുന്നത് വരെ യാത്രക്കാർ മറ്റ് വഴിയിൽക്കൂടി പോകണമെന്ന് പൊലീസ് അറിയിച്ചു.

