Site iconSite icon Janayugom Online

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു

മുണ്ടക്കൈ- ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് നൽകുന്ന അടിയന്തര ആശ്വാസ ധനസഹായം ആറ് മാസക്കാലത്തേക്ക് കൂടി തുടരും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഈ വര്‍ഷം ജൂണ്‍ മാസം വരെയോ, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയാണ് ധനസഹായം തുടര്‍ന്നും അനുവദിക്കുക. ഇതിന് ആവശ്യമായ തുക ലഭ്യമായ എസ്ഡിആര്‍എഫ് വിഹിതത്തില്‍ നിന്നും ബാക്കി വേണ്ട തുക സിഎംഡിആര്‍എഫില്‍ നിന്നും വഹിക്കേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി. 

ദുരന്തബാധിതര്‍ക്ക് ആശ്വാസ ധനസഹായം നൽകുന്നതിൽ മാത്രം 15.64 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതുവരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ മുൻപ് പ്രഖ്യാപിച്ചതാണെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും റവന്യു മന്ത്രി കെ രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ തടസപ്പെടുന്ന സാഹ​ചര്യത്തിൽ ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അം​ഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് കൂടാതെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുള്ള, കിടപ്പുരോഗികള്‍ ഉള്ള കുടുംബത്തിലെ ഒരാള്‍ക്ക് കൂടി 300 രൂപ വീതം നല്‍കാനും തീരുമാനിച്ചു. 2024 ഓ​ഗസ്റ്റ് മുതൽ ഈ പണം നൽകി വരുന്നുണ്ട്. ഇതാണ് ഇപ്പോള്‍ ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കിയത്. 656 കുടുംബങ്ങളിലെ 1185 ആളുകൾക്കാണ് പണം നൽകിവരുന്നത്.

Exit mobile version