Site iconSite icon Janayugom Online

അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവിൻ്റെ മരണം സ്ഥിരീകരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവിൻ്റെ മരണം സ്ഥിരീകരിച്ചു. നെടുമ്പള്ളിക്കുടി ബിജുവാണ് മരിച്ചത്. അപകടത്തിൽ ബിജുവിന്റെ ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടിമാലി ലക്ഷംവീട് ഉന്നതിയില്‍ ദേശീയപാത 85 നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്ത് ശനിയാഴ്ച രാത്രി 10.20ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെത്തുടർന്ന് മുന്നറിയിപ്പ് നൽകിയിരുന്ന അടിമാലി പഞ്ചായത്ത് 22 കുടുംബങ്ങളെ വൈകുന്നേരത്തോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ക്യാമ്പിന് തൊട്ടടുത്ത് ബന്ധുവീടുള്ളതിനാൽ ബിജുവും സന്ധ്യയും ക്യാമ്പിലേക്ക് മാറിയിരുന്നില്ല.

ബന്ധുവീട്ടിൽ പോയ ഇരുവരും ഭക്ഷണം കഴിക്കാനായാണ് രാത്രി വൈകി തിരികെ വീട്ടിലെത്തിയത്. ഈ സമയം 50 അടിയിലേറെ ഉയരമുള്ള തിട്ട ആറോളം വീടുകൾക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ തൂൺ ബിജുവിന്റെ തലയിൽ പതിച്ച നിലയിലായിരുന്നു. ഇരുവരുടെയും കാലുകൾ അലമാരയ്ക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ദമ്പതികളെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ തന്നെ ബിജു പ്രതികരിക്കുന്നില്ലായിരുന്നു. സന്ധ്യയുടെ ഇടത് കാലിന് ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version