Site iconSite icon Janayugom Online

ഇനിയില്ല, സൗമ്യമായ കര്‍ശന സ്വരം; തുടക്കം കോട്ടയത്തുനിന്ന്; മടക്കവും കോട്ടയത്തേക്ക്

കോട്ടയത്തെ രാഷ്ട്രീയ കളരിയിലാണ് കാനം രാജേന്ദ്രന്‍ പിച്ചവയ്ക്കുന്നത്. വാഴൂര്‍ എസ് വി ആര്‍ എന്‍എസ്എസ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായ അദ്ദേഹം ബസേലിയസ് കോളജ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് എഐവൈഎഫിലേക്കെത്തുന്നത്. എഐവൈഎഫിന്റെ ജില്ലയിലെ അമരക്കാരനായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് ദേശീയ തലത്തില്‍ വരെ നടത്തിയ ശ്രദ്ധയായ പ്രവര്‍ത്തനത്തിനും മോസ്കോയിലെ വിദ്യാഭ്യാസത്തിനും ശേഷം കോട്ടയത്ത് പാര്‍ട്ടിയുടെ അമരക്കാരനായി രംഗത്തെത്തി. രണ്ട് ടേമില്‍ കോട്ടയത്ത് പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ജില്ലയില്‍ പാര്‍ട്ടിക്ക് വേരോട്ടം ശക്തമാക്കാന്‍ അദ്ദേഹം നടത്തിയത് മികച്ച പ്രവര്‍ത്തനങ്ങളാണ്.

നിയമസഭ സാമാജികനായി അദ്ദേഹം എത്തുന്നതും ജന്മദേശമായ കോട്ടയത്തെ വാഴൂരില്‍ നിന്നും. കേരളകോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും പി ടി ചാക്കോയുടെ ജന്മദേശവുമായ വാഴൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടയാളപ്പെടുത്തിയത് അദ്ദേഹമാണ്. 1982 ലും 87 ലും വാഴൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ അദ്ദേഹത്തിനായി. 

പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായി അദ്ദേഹം എത്തുന്നതും നിയോഗം പോലെ കോട്ടയം സമ്മേളനത്തില്‍ വച്ച് തന്നെ. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തിലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്. സ്വന്തം ജില്ലിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന് ശേഷം പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവി അദ്ദേഹം ഏറ്റെടുക്കുമ്പോള്‍ കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ പി കെ വാസുദേവന്‍ നായര്‍ക്ക് ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരന്‍ കൂടിയായി അദ്ദേഹം. 

പ്രവര്‍ത്തന മേഖല തിരുവനന്തപുരത്ത് ആയിരുന്നുവെങ്കിലും കോട്ടയത്തിന്റെ പൊതു വേദികളിലെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. ആവശ്യങ്ങളുമായി ഓടിയെത്തുന്നവരോടെല്ലാം സൗമ്യതയോടെ വിവരങ്ങള്‍ അന്വേഷിച്ചു. ഏത് ഇടത്തും കോട്ടയത്തോടും കോട്ടയംകാരോടും ഉള്ള സ്നേഹം മനസില്‍ നിറച്ചിരുന്നു അദ്ദേഹം. അവസാന ശ്വാസം വരെയും പാര്‍ട്ടിയും പ്രവര്‍ത്തനങ്ങളുമായിരുന്നു അദ്ദേഹത്തെ നയിച്ചത്. നവംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് വാഴൂര്‍ കാനത്തുള്ള വീട്ടില്‍ അവസാനമായി അദ്ദേഹം വന്നുപോവുന്നത്. സമ്മേളനങ്ങളുടെ കാലത്ത് ചുരുട്ടിയ കൈകളോടെ മുദ്രാവാക്യം വിളികളുമായി ആവേശത്തോടെ പ്രിയ സഖാവിനെ എതിരേറ്റ പ്രവര്‍ത്തകര്‍ കാത്തിരിപ്പിലാണ്. അന്ത്യയാത്രയ്ക്കായി പിറന്ന മണ്ണിലേക്ക് അദ്ദേഹമെത്തുമ്പോള്‍ ചുരുട്ടിയ കൈകളും നിറഞ്ഞ കണ്ണുകളുമായി മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകരുണ്ടാവും… തിരികെ അഭിവാദ്യം ചെയ്യാന്‍ പ്രിയ സഖാവിനാവില്ലെങ്കിലും…

Exit mobile version