Site iconSite icon Janayugom Online

കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് നിരോധിച്ചത് 1700 മണിക്കൂര്‍; ഏറ്റവും കൂടുതല്‍ മണിപ്പൂരില്‍, 1104 മണിക്കൂര്‍

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1700 മണിക്കൂറോളം ഇന്റര്‍നെറ്റ് വിഛേദിച്ചതായി സോഫ്റ്റ്‌വേര്‍ ഫ്രീഡം ലോ സെന്ററിന്റെ റിപ്പോര്‍ട്ട്.

കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് വിഛേദിച്ചത്, 11 തവണയായി 1104 മണിക്കൂറാണ് ഇവിടെ ഇന്റര്‍നെറ്റ് തടഞ്ഞത്. തൊട്ടുപിന്നില്‍ ഹരിയാനയാണ്, 12 തവണയായി 589 മണിക്കൂര്‍.

2023മായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് വിശ്ചേദിച്ചതിന്റെ ദൈര്‍ഘ്യത്തില്‍ കുറവ് വന്നതായും ദ നെറ്റ് വര്‍ക്ക് 2.0 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ 96 തവണയാണ് ഇന്റര്‍നെറ്റ് വിശ്ചേദിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 60 ആയി കുറഞ്ഞു. മണിപ്പൂരിലെ കലാപവും ഹരിയാനയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളുമാണ് വിലക്കിനുള്ള പ്രധാനകാരണങ്ങള്‍. 2023ല്‍ കര്‍ഷകസമരത്തെത്തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കിയത്.

16 സംസ്ഥാനങ്ങളിലാണ് 2024ല്‍ വിലക്കേര്‍പ്പെടുത്തിയത്. മണിപ്പൂരിനും ഹരിയാനയ്ക്കും പിന്നാലെ രാജസ്ഥാന്‍, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 2023ല്‍ 13 സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. മണിപ്പൂര്‍ (36 തവണ), ഹരിയാന (11), ജമ്മു കശ്മീര്‍ (13), ബിഹാര്‍ (എട്ട്), രാജസ്ഥാന്‍ (ആറ്) എന്നിവയാണ് ഏറ്റവും കൂടുതല്‍ നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങള്‍.

2023 ല്‍ കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലും 2024ല്‍ 12 സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് വിലക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതല്‍ 849 തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കി ഉത്തരവിട്ടത്. ഏറ്റവും ഒടുവില്‍ ഭീമാ കൊറേഗാവ് വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ ഏര്‍പ്പെടുത്തിയതാണെന്നും സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

Exit mobile version