കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ. ജൂൺ 25ന് രാത്രി 7.30നും 10.50നും ഇടയിൽ കോളജിനുള്ളിൽ വച്ചാണ് പെൺകൂട്ടി ബലാത്സംഗത്തിന് ഇരയായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
30കാരനായ മനോജിത് മിശ്ര, 20കാരനായ പ്രമിത് മുഖർജി, 19കാരനായ സൈബ് അഹമ്മദ്ദ് എന്നിവരാണ് പ്രതികളെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ഒരാൾ കോളജിലെ പൂർവ വിദ്യാർത്ഥിയും മറ്റ് രണ്ട് പേർ ഇപ്പോൾ കോളജിൽ പഠിക്കുന്നവരാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പെൺകുട്ടിയെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. കൂടാതെ സാക്ഷികളെ വിസ്തരിക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സംഭവസ്ഥലം സന്ദർശിച്ചുവെന്നും ഫൊറൻസിക് അന്വേഷണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത ആർജികർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി ഒരു വർഷം പിന്നിടുന്നതിന് മുൻപാണ് പ്രസ്തുത സംഭവം. ഇപ്പോൾ വീണ്ടും ‚കോളജ് പരിസരത്ത് വച്ച് തന്നെ കോളജിലെ ഒരു വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതോടെ കൊൽക്കത്തയിൽ സ്ത്രീകളുടെ പൊതു ഇടങ്ങളിലുള്ള സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്.

