Site iconSite icon Janayugom Online

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ: ഇ പി ജയരാജന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ നാളെ കോട്ടയത്ത് പ്രഖ്യാപിക്കുമെന്ന് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് സിപിഐ(എം) എടുത്ത തീരുമാനം എല്‍ഡിഎഫിന്റെ അംഗീകാരത്തിനു ശേഷമാണ് പ്രഖ്യാപിക്കുന്നത്. നാളെ ഉച്ചക്ക് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിൽ നിന്നുതന്നെ വേറെ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി വരുമോയെന്ന്‌ പേടിച്ചാണ്‌ യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ മൂന്ന്‌ മണിക്കൂറിനുള്ളിൽത്തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ കോൺഗ്രസിനാണ്‌ ഭയപ്പാടും വേവലാതിയും. രാഷ്ട്രീയമായി പുതുപ്പള്ളിയിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‌ എൽഡിഎഫ്‌ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. ബൂത്ത്‌ തലത്തിൽവരെ കമ്മിറ്റികൾ ചേർന്ന്‌ പ്രവർത്തകരുടെ സ്‌ക്വാഡുകൾക്ക്‌ രൂപം നൽകിവരികയാണ്‌. വരും ദിവസങ്ങളിൽ പഞ്ചായത്ത്‌, നിയോജകമണ്ഡലം കൺവൻഷനുകൾ ചേർന്ന്‌ പ്രവർത്തനങ്ങൾക്ക്‌ ഏകീകൃത രൂപം നൽകും. സംസ്ഥാന സർക്കാരിന്റെ വികസന സമീപനങ്ങളിൽ ഊന്നിയാകും തെരഞ്ഞെടുപ്പിനെ സമീപിക്കുക. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളും വോട്ടർമാർക്കിടയിൽ ചർച്ചയാകും.

ഓണം നാളുകൾ, അയ്യൻകാളി ജയന്തി, ശ്രീനാരായണ ഗുരു ജയന്തി, മണർകാട്‌ എട്ട്‌ നോമ്പ്‌ നാളുകൾ എന്നിവയ്‌ക്കിടയിലെ തെരഞ്ഞെടുപ്പ്‌ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പൊതുവെ മണ്ഡലത്തിലെ വര്‍ത്തമാനം. ജൂലൈ ഒന്നിന്‌ മുമ്പ്‌ അപേക്ഷിച്ചവരെ മാത്രമെ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തൂവെന്ന കമിഷന്റെ പുതിയ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യത്തിൽ പരാതി നൽകുമെന്നും മന്ത്രികൂടിയായ വി എന്‍ വാസവന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Eng­lish Sam­mury: State­ment by LDF Con­venor E P Jayarajan

Exit mobile version