Site iconSite icon Janayugom Online

കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം; കടുത്ത അവഗണനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ സമരം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ജനുവരിയില്‍ നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇടത് എംപിമാരും ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു. കേന്ദ്ര ഗവണ്‍മെന്റ് അങ്ങേയറ്റം അവഗണനയാണ് കേരളത്തോട് കാണിക്കുന്നതെന്ന് ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം അര്‍ഹതയുള്ള 58,000 കോടി രൂപ തടഞ്ഞുവച്ചിരിക്കുകയാണ്. യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ഒരു ശബ്ദവും ഉയരുന്നില്ല. 18 യുഡിഎഫ് എംപിമാര്‍ ഈ അവഗണനയ്ക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് സാമ്പത്തികമായി ഒരുപാട് ആവശ്യങ്ങള്‍ കേരളത്തിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പരമാവധി വിഭവസമാഹരണം നടത്തുന്നുണ്ട്. ഈ വര്‍ഷം 71,000 കോടിയോളം രൂപ പഴയ കുടിശികകള്‍ പിരിച്ചെടുക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം 48,000 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതിലൂടെ സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ശക്തിപ്പെടുത്തിയപ്പോള്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് കേരളം രൂപീകൃതമായ കാലം മുതലുള്ള കുടിശിക കണക്കില്‍പെടുത്തി കുറ്റപ്പെടുത്താനുള്ള ശ്രമം നടത്തി.

കേന്ദ്ര സമീപനത്തിനെതിരായി കേരളത്തിന്റെയാകെ ശബ്ദം ഉയര്‍ന്നുവരണം. അതിന്റെ ഭാഗമായി എല്‍ഡിഎഫ് സംസ്ഥാനാടിസ്ഥാനത്തില്‍ വിപുലമായ കണ്‍വെന്‍ഷനും ജില്ലാടിസ്ഥനത്തില്‍ പ്രത്യേക യോഗങ്ങളും വിളിച്ചുചേര്‍ക്കും. 18 മുതല്‍ ഡിസംബര്‍ 24 വരെ നവകേരള സദസുകള്‍ നടക്കുന്നതിനിടയില്‍ തന്നെ സെമിനാറുകള്‍ വ്യാപകമായി നടത്തും. എല്‍ഡിഎഫ് കക്ഷികള്‍ മാത്രമല്ല, കേരളത്തോട് താല്പര്യമുള്ള മുഴുവന്‍ പേരെയും അതിന്റെ ഭാഗമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

റെയില്‍വേയുടെ കാര്യത്തില്‍ തികഞ്ഞ അവഗണനയാണ് കേരളത്തോട് കാണിക്കുന്നത്. 1050 കോടി രൂപയാണ് പദ്ധതി വിഹിതം ഈ വര്‍ഷം കുറച്ചത്. ഇവയുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ ഉന്നയിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ ഉള്‍പ്പെടെ, സംസ്ഥാന ധനമന്ത്രി പോയി കണ്ട് ചര്‍ച്ച നടത്തും.

സംസ്ഥാനത്തെ റബ്ബര്‍ കൃഷിക്കാര്‍ക്കുവേണ്ടി ഒരു പൊതുവേദി രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളുമായി ഉള്‍പ്പെടെ സഹകരിച്ച് ഡിസംബര്‍ അവസാനത്തോടെ കോട്ടയത്ത് വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
സംസ്ഥാന നിയമസഭ പാസാക്കിയ ഭുപതിവ് നിയമത്തിന്റെ ആനുകൂല്യം കിട്ടേണ്ട കര്‍ഷകര്‍ ഗവര്‍ണറുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജനുവരിയില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ഇ പി ജയരാജന്‍ അറിയിച്ചു.

 മന്ത്രിസഭാ പുനഃസംഘടന ഡിസംബറില്‍

തിരുവനന്തപുരം: എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചതനുസരിച്ച് മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിനുശേഷം രണ്ട് മന്ത്രിമാര്‍ മാറണമെന്ന് തീരുമാനിച്ചിരുന്നു. ഡിസംബര്‍ 24 വരെ നടക്കുന്ന നവകേരള സദസിനുശേഷം മന്ത്രിസഭാ പുനഃസംഘടന നടത്താമെന്നാണ് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായത്. ഡിസംബര്‍ മാസം അവസാനം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Eng­lish Sum­ma­ry: LDF decid­ed to orga­nize strike in Del­hi against cen­tral gov­ern­ment neglect
You may also like this video

Exit mobile version