Site icon Janayugom Online

വികസനക്കുതിപ്പിൽ നിര്‍ണായക പങ്ക് വഹിക്കാന്‍ തുറമുഖങ്ങളൊരുങ്ങുന്നു

ഭാവി കേരളത്തിന്റെ വികസന കുതിപ്പിൽ സംസ്ഥാനത്തെ തുറമുഖങ്ങളുടെ പങ്ക് സുപ്രധാനമാക്കുന്ന നടപടികളുമായി തുറമുഖവകുപ്പ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം, കേരള മാരിടൈം ബോർഡിന്റെ പുനഃക്രമീകരണം എന്നിവയിലെല്ലാം നിര്‍ണായക നടപടികളാണ് തുറമുഖവകുപ്പെടുത്തിട്ടുള്ളത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിൽ കേരളം ശ്രദ്ധേയമായ സ്ഥാനം കൈവരിക്കും. ഇതിന്റെ ഭാഗമായി ചെറുകിട തുറമുഖങ്ങളെയും വികസിപ്പിക്കാനുള്ള കർമ്മ പദ്ധതികൾ തുറമുഖ വകുപ്പും മാരിടൈം ബോർഡും ആസൂത്രണം ചെയ്തുവരികയാണ്.
7,700 കോടി രൂപ മുതൽമുടക്കിൽ പിപിപി അടിസ്ഥാനത്തിൽ നിർമ്മിക്കുന്നത്, പല കാരണങ്ങളാൽ പണി പൂർത്തീകരിക്കുവാൻ തടസം നേരിട്ടു. 3100 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ നിർമ്മാണത്തിനാണ് കൂടുതൽ തടസം നേരിട്ടത്. വ്യക്തമായ ലക്ഷ്യം മുന്നിൽ കണ്ട് സർക്കാർ നടത്തിയ ഇടപെടലിലൂടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 2,350 മീറ്റർ പുലിമുട്ടിന്റെ നിർമ്മാണം ഇതിനകം പൂർത്തിയാക്കി. ഡ്രഡ്ജിങ്, ബർത്ത് നിർമ്മാണം എന്നിവയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗേറ്റ് കോംപ്ലക്സിന്റെയും വർക്ക്ഷോപ്പ് ബിൽഡിങ്ങിന്റെയും നിർമ്മാണം പൂർത്തിയായി.

വിഴിഞ്ഞം നിവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് 50 കോടി രൂപ ചെലവിൽ അസാപ് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയായി വരികയാണ്. സെപ്റ്റംബറില്‍ ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഹൈറോഗ്രാഫിക് അനുബന്ധ മേഖലകളില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ വിദേശത്തും സ്വദേശത്തും ധാരാളം സാധ്യതയുള്ള കോഴ്സുകളുള്ള കൊച്ചിയിലെ കേരള ഹൈഡ്രോഗ്രാഫിക് സര്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം പൊന്നാനിയില്‍ ആരംഭിക്കാന്‍ സാധിച്ചതും നേട്ടമായി.

കേരളത്തിന്റെ തുറമുഖ വ്യാവസായിക രംഗത്തെ നിക്ഷേപ സാധ്യതകളെ സംരംഭകർക്ക് മുന്നിൽ അവതരിപ്പിച്ചും തുറമുഖങ്ങളിൽ പശ്ചാത്തല വികസനത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്ക് വെളിച്ചം പകർന്നും സംഘടിപ്പിച്ച പ്രിസം ഓൺലൈൻ നിക്ഷേപക സംഗമം വകുപ്പിന് നിര്‍ണായകമായി. കേരള മാരിടൈം ബോർഡ് അവതരിപ്പിച്ച വിവിധ പദ്ധതികൾക്ക് നിക്ഷേപകരിൽ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളുടെയും ഡിജിറ്റൽ ഭൂപടം ഹൈഡ്രോ ഗ്രാഫിക് സർവേ വിങ് തയ്യാറാക്കി വരികയാണ്. ഇത്തരത്തിൽ ഒരു പദ്ധതി രാജ്യത്ത് തന്നെ ആദ്യമായാണ്. ജലാശയത്തിന്റെ അടിത്തട്ടിന്റെ ഘടന, മലിനീകരണം, കടൽ തീരശോഷണം സംബന്ധിച്ച വിവരങ്ങൾ എന്നിവ മനസിലാക്കാം. ജലനേത്ര ഡിജിറ്റൽ സംവിധാനം വഴി ‑ഹൈഡ്രോ ഗ്രാഫിക് സർവേ വിങ്ങിന്റെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാകും.

 

മുഖം മിനുക്കി ബേപ്പൂർ

വികസനവഴിയിലാണ് ബേപ്പൂർ തുറമുഖം. ആഴക്കുറവാണ് ബേപ്പൂരിന്റെ ഏറ്റവും വലിയ പോരായ്മ. ദീർഘകാലമായി മണ്ണ് അടിഞ്ഞുകൂടിയതിനാൽ തുറമുഖ കവാടത്തിന്റെ ആഴം നാല് മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. ഇത് അഞ്ചര മീറ്ററായി വർധിപ്പിക്കുവാൻ 15 കോടി രൂപ മുടക്കി ഡ്രഡ്ജിങ് ആരംഭിച്ചു. തുടർന്ന് 8.5 മീറ്ററാക്കി ആഴം വർധിപ്പിക്കും.

ഇതോടെ വലിയ ചരക്കു കപ്പലുകൾക്ക് ബേപ്പൂർ തുറമുഖത്തേക്ക് എത്താനാകും. സാഗർമാല പദ്ധതിയിലുൾപ്പെടുത്തി തുറമുഖത്തേക്ക് നാല് ലൈൻ റോഡ് നിർമ്മിക്കുന്നതിന് 250 കോടി രൂപ ചെലവ് വരുന്ന പ്രോജക്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുവാൻ പുതിയ വാർഫ് നിർമ്മിക്കുന്നതിന് ചെന്നൈ ഐഐടിയുടെ സഹായത്തോടെ ഡിപിആർ തയ്യാറാക്കി വരുന്നു.

വികസന വഴിയില്‍ കൊല്ലം

കൊല്ലം തുറമുഖത്ത് സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി 105 മീറ്റർ നീളത്തിൽ ബർത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഗേറ്റ് കോംപ്ലക്സിന്റെയും നിർമ്മാണം പൂർത്തിയായി വരുന്നു. കൊല്ലം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക് പോയിന്റായി പ്രഖ്യാപിച്ചാൽ മാത്രമേ വിദേശ ചരക്കുകൾ വഹിച്ചുകൊണ്ടുള്ള കപ്പലുകൾക്ക് തുറമുഖത്ത് എത്തുവാൻ കഴിയുകയുള്ളു. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്. കൊച്ചി, തൂത്തുക്കുടി, വിഴിഞ്ഞം രാജ്യാന്തര തുറമുഖം എന്നിവിടങ്ങളിലേക്കുള്ള ഫീഡർ തുറമുഖമായി കൊല്ലത്തെ മാറ്റുവാനാണ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള എന്‍ജിനീയറിങ് വര്‍ക്ക്ഷോപ്പിനെ വികസിപ്പിച്ച് ഷിപ്പ് റിപ്പയറിങ് യൂണിറ്റ് ആരംഭിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. തുറമുഖ ചാനലിന്റെ ആഴം കുറഞ്ഞത് 10 മീറ്ററായി വർധിപ്പിക്കും.

വാണിജ്യ കേന്ദ്രമാകാന്‍ അഴീക്കൽ

കണ്ണൂർ ജില്ലയിലെ അഴീക്കലിനെ മലബാറിന്റെ ഒരു വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുവാനുള്ള പദ്ധതികളാണ് നടന്നുവരുന്നത്. ഇതിനായി അഴീക്കലിൽ ഗ്രീൻഫീൽഡ് തുറമുഖം നിർമ്മിക്കുന്നതിന് ഡിപിആർ തയ്യാറാക്കി. മൂന്ന് ഘട്ടങ്ങളിലായി നിർമ്മിക്കുന്ന ഈ പ്രോജക്ടിന് 3400 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഴീക്കലിൽ നിലവിലുള്ള തുറമുഖം വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി ഗോഡൗണുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ പുതുക്കി പണിയുന്നതിനും തീരുമാനിച്ചുകഴിഞ്ഞു. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് രണ്ട് കോടി രൂപ കേരള വാട്ടർ അതോറിറ്റിയിൽ നിക്ഷേപിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഴീക്കലില്‍ പൊന്നാനിയിലേത് പോലെ ഒരു മണൽ ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കുന്ന പദ്ധതിയും ആവിഷ്കരിച്ചു.

Exit mobile version