Site iconSite icon Janayugom Online

കരുതലായ്… മാതൃകയായി ആരോഗ്യരംഗം

സാധാരണക്കാര്‍ക്ക് താങ്ങായും തണലായും പ്രവര്‍ത്തിച്ച് രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തിന്റെ ആരോഗ്യരംഗം. ദേശീയ നിതി ആയോഗ് സൂചികയില്‍ സംസ്ഥാനം ഒന്നാമതാണ്. ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനവും കേരളമാണ്. ദേശീയ സാമൂഹിക പുരോഗതി റിപ്പോര്‍ട്ടില്‍ ആരോഗ്യ പരിചരണത്തിലും പോഷകാഹാരത്തിലും സംസ്ഥാനമാണ് മുന്നില്‍.  ഇന്ത്യയില്‍ ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കാന്‍ കേരളത്തിനായി. കേരള പൊതുജനാരോഗ്യ ബില്‍ യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാരിന് സാധിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്, മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ്, പകര്‍ച്ചവ്യാധി പ്രതിരോധം എന്നീ ബില്ലുകളും യാഥാര്‍ത്ഥ്യമാക്കി.

 


ആശുപത്രികള്‍ ജനസൗഹൃദമാക്കാനും രോഗിയുമായി ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കാനുമായി നവകേരളം കര്‍മ്മ പദ്ധതി — ആര്‍ദ്രം മിഷന്‍ 2 ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും (സബ് സെന്ററുകൾ) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിളര്‍ച്ച മുക്ത കേരളത്തിന് വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിന്‍ നടപ്പാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി ജീവിത ശൈലീരോഗ നിര്‍ണയം നടത്തുന്നത് ഈ മേഖലയിലെ നിര്‍ണായക ചുവടുവയ്പായി. 1.25 കോടിയോളം പേരെ വീടുകളിലെത്തി സ്‌ക്രീനിങ് നടത്തി.
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 14 ജില്ലകളിലും ആരംഭിച്ചു. പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളില്‍ തന്നെ സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമാക്കി. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചു. രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് പുറത്തിറക്കിയതും കേരളമാണ്. 5800 ഓളം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി.

സംസ്ഥാനത്തെ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 885 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ 630 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 4261 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തി വരികയാണ്. സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇ സഞ്ജീവനി വഴി എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കി.
ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കാനും കഴിഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്എംഎ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചു. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 10 ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കാനും ആരോഗ്യവകുപ്പിന് സാധിച്ചു. കാസ്പ് വഴി ഇരട്ടി സൗജന്യ ചികിത്സ നടപ്പാക്കി.700 കോടിയില്‍ നിന്നും 1400 കോടിയോളമായി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും സംസ്ഥാനത്താണ് നടന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആരോഗ്യവകുപ്പ് യാഥാര്‍ത്ഥ്യമാക്കി. ആന്റി ബയോഗ്രാം പുറത്തിറക്കുന്ന ആദ്യസംസ്ഥാനമായും കേരളം മാറി.

‘ഡിജിറ്റല്‍ ഹെല്‍ത്ത്’ സാക്ഷാത്ക്കരിക്കാന്‍ പദ്ധതി

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഇ ഓഫിസാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസുകളില്‍ ഇ ഓഫിസ് നടപ്പാക്കി വരുന്നു. 587 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്. ഓണ്‍ലൈന്‍ ഒ പി ടിക്കറ്റ് നടപ്പാക്കി. പേപ്പര്‍ രഹിത ആശുപത്രി സേവനം യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പും ലാബ് റിസള്‍ട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനവുമൊരുക്കി.

കാന്‍സര്‍ ചികിത്സാ രംഗത്ത് നേട്ടം

കേരള കാന്‍സര്‍ രജിസ്ട്രി പ്രവര്‍ത്തനമാരംഭിച്ചു. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. കാന്‍സര്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പ്രധാന ആശുപത്രികള്‍ക്ക് പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി പ്രഖ്യാപിച്ചു. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടിയായിട്ടുണ്ട്. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ നടപ്പാക്കി.

മെഡിക്കല്‍ കോളജുകളില്‍ വന്‍ മുന്നേറ്റം

സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് വലിയ പുരോഗതിയാണുണ്ടായത്. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും രണ്ട് നഴ്‌സിങ് കോളജുകള്‍ക്കും അനുമതി ലഭ്യമാക്കി. നിലവിലുള്ള നഴ്‌സിങ് കോളജുകളില്‍ ബിഎസ് സി നഴ്‌സിങ് സീറ്റ് വര്‍ധിപ്പിച്ചത് വഴി 92 ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ അധികമായി പ്രവേശനം നല്‍കി. മെഡിക്കല്‍ രംഗത്ത് 1330 സീറ്റുകള്‍ വര്‍ധിച്ചിച്ചു. 832 നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. മെഡിക്കല്‍ കോളജുകളില്‍ മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പിലാക്കി മികവിന്റെ കേന്ദ്രങ്ങളാക്കി വരുന്നു. മെഡിക്കല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിജയകരമായതിനെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ കോഴിക്കോട് എന്നീ ഗവ. മെഡിക്കല്‍ കോളജുകളില്‍ കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. അപകടങ്ങളാലും രോഗം ബാധിച്ചും അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ആദിവാസി മേഖലയ്ക്ക് കരുതല്‍

ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പരിപാടിക്ക് തുടക്കമിട്ടു. ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ ആശുപത്രികളില്‍ തസ്തിക അനുവദിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി സ്വീകരിച്ചു. അട്ടപ്പാടിക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘പെന്‍ട്രിക കൂട്ട’ എന്ന പേരില്‍ ഓരോ അങ്കണവാടികളുടെയും കീഴില്‍ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കി. ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി അനുവദിച്ചു.

ആയുഷ് മേഖലയ്ക്കും പ്രത്യേക പദ്ധതികള്‍

സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണിത്. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം നടപ്പാക്കി. 280 ആയുഷ് ഡിസ്‌പെന്‍സറികളെ കൂടി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തി. അട്ടപ്പാടി, കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രികള്‍. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി മുഖേന 114 കോടി രൂപ അനുവദിച്ചു. സ്ത്രീകളുടെ പരിപൂര്‍ണ ആരോഗ്യത്തിന് വേണ്ടിയുള്ള സിദ്ധ ചികിത്സാ പദ്ധതിയായ ‘മഗിളര്‍ ജ്യോതി’ ആരംഭിച്ചു. ആയുഷ് മേഖലയില്‍ ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പും പുറത്തിറക്കി.

 

 

Exit mobile version